സ്‌പോട്‌സ് ഡെസ്‌ക്
മാഡ്രിഡ്: പേരിലും പെരുമയിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന റയലും ബാഴ്‌സയും സ്പാനിഷ് ലീഗിലും ഒപ്പത്തിനൊപ്പം മുന്നേറുന്നു. സ്പാനിഷ് ലീഗ് അവസാനഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ റയലും ബാഴ്‌സയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഒരു മത്സരം അധികമായി ബാക്കിയുള്ള റയിൽ മൂന്നു പോയിന്റിനു മുന്നിൽ നിൽക്കുമ്പോൾ ഗോൾ ശരാശരിയുടെ ആശ്വാസം ബാഴ്‌സയ്ക്കു മു്ൻതൂക്കം നൽകുന്നു. ഇതോടെ അടുത്ത ആഴ്ച റയലിന്റെ മൈതാനത്ത് നടക്കുന്ന രണ്ടാം എൽ ക്ലാസിക്കോ ഇരുടീമുകൾക്കും നിർണായകമാകും.
ഇന്നലെ നടന്ന മത്സരത്തിൽ ലയണൽ മെസിയുടെ ഇരട്ട ഗോൾ മികവിൽ ബാഴ്‌സലോണ റയൽ സോസിഡാഡിനെ തോൽപ്പിച്ചു.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്‌സയുടെ ജയം. പതിനേഴാം മിനുറ്റിലും മുപ്പത്തിയേഴാം മിനുറ്റിലുമാണ് മെസി ബാഴ്‌സക്കായി ഗോൾ നേടിയത്.
അൽകാസറിന്റെ വകയായിരുന്നു ബാഴ്‌സയുടെ മൂന്നാം ഗോൾ. അതിനിടെ ഉംറ്റിറ്റി സെൽഫ് ഗോൾ ബാഴ്‌സയ്ക്ക് തിരിച്ചടിയായി. മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് സ്‌പോർടിംഗ് ജൈജോണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ഇസ്‌കോയുടെ ഇരട്ട ഗോൾ മികവിലായിരുന്നു റയലിന്റെ ജയം. ആൽവാരോ മൊറാട്ട റയലിന്റെ വിജയ ഗോൾ നേടി.
ബാഴ്‌സയുടെ മൈതാനത്ത് നടന്ന ആദ്യ എൽക്ലാസിക്കോയിൽ അവസാന നിമിഷം നേടിയ മിന്നൽ ഗോളിലൂടെ റയൽ സമനില പിടിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാം എൽക്ലാസിക്കോ നിർണായകമായി മാറിയത്. റയലിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ബാ്‌ഴ്‌സ വിജയിച്ചാൽ ഇരുടീമുകൾക്കും ഒരേ പോയിന്റാകും. ഗോൾ ശരാശരിയിൽ മുന്നിൽ നിൽക്കുന്ന ബാ്‌ഴ്‌സയ്ക്കു ഇത് പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ മികച്ച് അവസരമാവും ഒരുക്കുക. തോൽവിയോ സമനിലയോ ആണെങ്കിൽ ബാഴ്‌സയുടെ കിരീട മോഹങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരും.