
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പതിനാലാം നിയമസഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട 140 എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. പ്രോടൈം സ്പീക്കറായി സിപിഎം അംഗം എസ്.ശർമ്മ ആദ്യം അധികാരം ഏറ്റെടുത്തു. തുടർന്നു ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. അക്ഷരമാലാ ക്രമത്തിൽ അബ്ദുൾ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
140 അംഗ നിയമസഭയിൽ ഇടതു മുന്നണിയ്ക്കു 91 ഉം, യുഡിഎഫിനു 47 ഉം എംഎൽഎമാരാണ് ഉള്ളത്. ബിജെപിയ്ക്കു ഒരു അംഗമുള്ളപ്പോൾ സ്വതന്ത്ര അംഗമായ പി.സി ജോർജും സഭയിലുണ്ട്. നിയമസഭയിൽ ഇപ്പോഴുള്ള 44 പേർ പുതുമുഖങ്ങളാണ്. എട്ട് വനിതാ അംഗങ്ങളിൽ മൂന്നു പേർ പുതുമുഖങ്ങളായപ്പോൾ, എല്ലാ വനിതാ അംഗങ്ങളും ഭരണപക്ഷത്തു നിന്നാണ്.
കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 83 അംഗങ്ങൾ ഇത്തവണത്തെ സഭയിലുമുണ്ട്. മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയും, വി.എസ് അച്യുതാനന്ദനുമാണ് നിയമസഭയിലെ വ്യത്യസ്ത മുഖങ്ങൾ. 93 കാരനായ വിഎസ് സഭയിലെ ഏറ്റവും മുതിർന്ന അംഗമായപ്പോൾ, ജെഎൻയു വിദ്യാർഥി മുഹമ്മദ് മുഹ്സീനാണ് ഏറ്റവും പ്രായം കുറഞ്ഞ അംഗം.