കറാച്ചി: വിവാഹത്തിന് മുമ്പ് നേരില്‍ കണ്ട് സംസാരിച്ച യുവതിയേയും പ്രതിശ്രുത വരനേയും വെടിവെച്ചു കൊന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ നയി വാഹി ഗ്രാമത്തില്‍ വച്ചായിരുന്നു സംഭവം. യുവതിയുടെ അമ്മാവനാണ് ഇരുവരേയും കൊലപ്പെടുത്തിയത്. നസീറന്‍ എന്ന പെണ്‍കുട്ടിയും പ്രതിശ്രുത വരന്‍ ഷാഹിദും നഗരത്തില്‍ വെച്ച് സംസാരിക്കുന്നത് കണ്ട അമ്മാവന്‍ ദേഷ്യത്തോടെ ഇരുവരേയും വെടിവെച്ചു വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ പങ്കാളികളായ പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള ദുരഭിമാനക്കൊല പാകിസ്താനില്‍ പതിവാണ്. റാവല്‍പിണ്ടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് യുവതിയേയും ഭര്‍ത്താവിനേയും സഹോദരന്‍ വെടിവെച്ച് കൊന്നത് വലിയ വാര്‍ത്തയായിരുന്നു. പാകിസ്താനില്‍ ഭീകരവാദം മൂലം മരണമടയുന്നതിനേക്കാള്‍ അധികം ആളുകള്‍ ദുരഭിമാനക്കൊല മൂലമാണ് കൊല്ലപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം ശരാശരി 650 ദുരഭിമാന കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്. പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയും പോവുന്നുണ്ട്.