രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേകകോടതി വേണമെന്ന് സുപ്രീംകോടതി

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക അതിവേഗ കോടതികള്‍ രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ നിയമപരമായ വിലക്ക് ഒഴിവാക്കണമെന്നും അതിവേഗകോടതികള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് ആവശ്യമായ ചെലവ് ഉടന്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. 2014ലെ കണക്കനുസരിച്ച് എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ടിട്ടുള്ള 1,581 കേസുകളില്‍, ഒരു വര്‍ഷംകൊണ്ട് എത്രയെണ്ണം തീര്‍പ്പായെന്നും കോടതി ചോദിച്ചു. ആറ് ആഴ്ചയ്ക്കുള്ളില്‍ ഇവയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കുറ്റാരോപിതരായ രാഷ്ട്രീയ പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ആജീവനാന്തമായി വിലക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. നിലവില്‍ ആറുവര്‍ഷമാണ് കുറ്റവാളികളായ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുള്ള വിലക്ക്. ഇത് ആജീവന്തവിലക്കാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കുറ്റകൃത്യം ചെയ്യുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍, നിയമകമ്മീഷന്‍ എന്നിവയ്ക്ക് ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെന്നും ഇവ പരിഗണയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവയില്‍ അഭിപ്രായമറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ ഡിസംബര്‍ 13ന് വാദം കേള്‍ക്കും.

Top