ചെന്നൈ: ആരായിയിരിക്കും ഇനി എഐഡിഎംകെയെ നയിക്കുക കഴിഞ്ഞ മണിക്കൂറുകളില്‍ രാജ്യം ചര്‍ച്ചചെയ്യുന്ന പ്രാധാന വിഷയങ്ങളിലൊന്നായിരുന്നു ഇത്..ജയലളിത യുഗം അവസാനിക്കുന്നതോടെ പുതിയ തേരാളിയാകുക ശശികലയായിരിക്കിമോ….അതെ എന്നാണ് ഇന്നത്തെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്….
ഇന്നു രാവിലെ പോയ്സ്ഗാര്‍ഡനിലെ വസതിയില്‍ നിന്ന് മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് കൊണ്ടുവന്നപ്പോള്‍ മുതല്‍ ജയയുടെ ഭൗതികദേഹത്തിനൊപ്പം ഒരു നിഴല്‍പോലെയുണ്ടായിരുന്നു തോഴി ശശികല. പ്രധാനമന്ത്രി നരേന്ദ്രമോദി ശശികലയുടെ തലയില്‍ കൈവച്ച് ആശ്വസ വാക്കുകള്‍ പറഞ്ഞതോടെ അടുത്ത നേതാവ് ശശികലതന്നെയാണെന്ന് തമിഴകം ഉറപ്പിക്കുകയാണ്….
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നേതാക്കളെല്ലാം അമ്മയുടെ മൃതദേഹത്തെ തൊഴുതശേഷം നീങ്ങിയെത്തിയത് ശശികലയുടെ അടുത്തേക്കായിരുന്നു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ വിഐപികളെല്ലാം അവരോട് ആശ്വാസവാക്കുകള്‍ പറഞ്ഞും ആദരം പങ്കുവച്ചുമാണ് കടന്നുപോയത്.
തമിഴകത്തെ മുതിര്‍ന്ന നേതാക്കളും സാംസ്‌കാരിക പ്രമുഖരും രജനീകാന്ത് ഉള്‍പ്പെടെയുള്ള മുന്‍നിര സിനിമാ താരങ്ങളുമെല്ലാം ശശികലയ്ക്ക് അരികിലെത്തി. തമിഴനാട് മുഖ്യമന്ത്രി പന്നീര്‍ ശെല്‍വം ഉള്‍പ്പെടെയുള്ള അണ്ണാ ഡിഎംകെ നേതാക്കളെല്ലാം ഈയവസരത്തില്‍ രാജാജി ഹാളിനുമുന്നില്‍ അമ്മയുടെ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നെങ്കിലും പലരും ശശികലയോടാണ് സംസാരിച്ചതെന്നതും ശ്രദ്ധേയം. ഈ സമയമെല്ലാം കറുത്ത സാരിയണിഞ്ഞ്, ഇടയ്ക്കിടെ കണ്ണീരൊപ്പി ശശികല തന്റെ ഉറ്റതോഴിയുടെ നിശ്ചേതനമായ ശരീരത്തിനരികില്‍ നിന്നു.
വൈകുന്നേരം വിലാപയാത്രയായി മൃതദേഹം രാജാജി ഹാളിനു മുന്നില്‍ നിന്ന് മറീനാ ബീച്ചില്‍ തന്റെ പ്രിയനായകനായിരുന്ന എംജിആറിന് തൊട്ടടുത്ത് അന്ത്യവിശ്രമത്തിനായി ജയയുടെ ശരീരം കൊണ്ടുപോകുമ്പോഴും തൊട്ടരികില്‍ ഉണ്ടായിരുന്നത് ശശികലതന്നെ. 29 വര്‍ഷം മുമ്പു നടന്ന എംജിആറിന്റെ സംസ്‌കാര ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഇതുകണ്ടപ്പോള്‍ പലരും ഓര്‍ത്തുകാണും. അന്ന് മക്കള്‍തിലകത്തിന്റെ മൃതദേഹവുമായി പോയ പുഷ്പാലംകൃത വാഹനത്തില്‍ തൂവെള്ള സാരിയണിഞ്ഞ് ഇരുന്നിരുന്ന ജയലളിതയെ എംജിആറിന്റെ പത്മി ജാനകിയും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് അപമാനിച്ച് ഇറക്കിവിടുകയായിരുന്നു. പക്ഷേ, പിന്നീട് പത്നിയേക്കാളുപരി അദ്ദേഹത്തിന്റെ മനസ്സില്‍ ഇടംപിടിച്ചിരുന്ന, എംജിആര്‍തന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച ജയലളിതതന്നെ അണ്ണാഡിഎംകെയുടെ സാരഥിയും തമിഴകത്തിന്റെ അമ്മയുമായി വളര്‍ന്നു.
സമാനമായ രീതിയില്‍ ജയലളിതയുടെ ഭൗതികദേഹവും ഇന്ന് വിലാപയാത്രയായി മറീനാ ബീച്ചിലേക്ക് നീങ്ങിയപ്പോള്‍ പുഷ്പങ്ങള്‍ അലങ്കരിച്ച വാഹനത്തില്‍ മൃതദേഹ പേടകത്തിനൊപ്പം ഉണ്ടായിരുന്നത് ശശികലയായിരുന്നു. പന്നീര്‍ ശെല്‍വവും രണ്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഒഴികെ മറ്റാര്‍ക്കും അതില്‍ പ്രവേശനം ലഭിച്ചില്ല. സംസ്‌കാര ചടങ്ങ് തുടങ്ങിയപ്പോള്‍ ശശികലയുടെ സ്വാധീനം പ്രകടമായി. അമ്മയുടെ അന്തിമയാത്രയ്ക്കുള്ള ചടങ്ങുകള്‍ നിര്‍വഹിച്ചത് ശശികലയും കുടുംബക്കാരും ചേര്‍ന്നായിരുന്നു.
അയ്യങ്കാര്‍ വിഭാഗക്കാരിയായ ജയലളിതയുടെ മൃതദേഹം ചിതയില്‍ അഗ്‌നിക്ക് സമര്‍പ്പിക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും അതു വേണ്ടെന്നും എംജിആറിന്റെയും മറ്റ് ഡിഎംകെ നേതാക്കളുടെയും മൃതദേഹം കുഴിയില്‍ അടക്കം ചെയ്ത രീതിയില്‍ ജയയുടെ മൃതദേഹവും അടക്കിയാല്‍ മതിയെന്ന അന്തിമ തീരുമാനമെടുത്തതും ശശികലയായിരുന്നു. മാത്രമല്ല, ജയലളിതയുടെ മരണശേഷം മറ്റു കാര്യങ്ങളില്‍ പ്രധാന തീരുമാനമെടുത്തതും പൊതുദര്‍ശനത്തിന്റെയും സംസ്‌കാരത്തിന്റെയും മറ്റും ക്രമീകരണങ്ങള്‍ എങ്ങനെ വേണമെന്നതുമെല്ലാം സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതും ശശികല തന്നെ. ചടങ്ങുകള്‍ നടക്കുന്നതിനിടയ്ക്കും പൊതുദര്‍ശനത്തിനിടയ്ക്കുമെല്ലാം അവര്‍ ഉദ്യോഗസ്ഥരെ വിളിച്ച് ഓരോ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നതും കാണാമായിരുന്നു. നിലവിലെ മുഖ്യമന്ത്രി പനീര്‍സെല്‍വമുള്‍പ്പെടെ പല മന്ത്രിമാരും ശശികലയുടെ നോമിനികളായി ഉന്നത സ്ഥാനത്ത് എത്തിയവരാണ് അത് കൊണ്ട് തന്നെ ശശികലയ്ക്ക് കാര്യമായ എതിരാളികള്‍ ഇനി പാര്‍ട്ടിയിലുണ്ടാകാന്‍ സാധ്യതയില്ല.