ദിവസങ്ങൾക്കുള്ളില്‍ തന്നെ മൂന്നു കോടി കളക്ഷനും വാരിക്കൂട്ടി സ്ഫ്ടികം വീണ്ടും തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ ഓടുകയാണ്. മോഹന്‍ലാലിന്റെ ആടുതോമ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിച്ചത് നടന്‍ രൂപേഷ് പീതാംബരനാണ്. എന്നാല്‍, അന്ന് സ്ഫടികം സിനിമയുടെ സെറ്റില്‍ തിലകന്‍ തന്നോട് പെരുമാറിയതിനെക്കുറിച്ച് തുറന്നു പറയുകയാണ് രൂപേഷ്.
സിനിമയുടെ സെറ്റില്‍ തിലകൻ അങ്കിള്‍ എന്നോട് സംസാരിച്ചിരുന്നില്ല. നമ്മളെ കാണുമ്പോള്‍ കണ്ണ് തുറുപ്പിച്ച് നോക്കും അകറ്റി നിര്‍ത്തും. സ്‌നേഹമൊന്നും കാണിക്കില്ല. എന്നാൽ, നെടുമുടി വേണു അങ്കിളും ലാലേട്ടനും ലളിതാന്റിയുമൊക്കെ നല്ല ഫ്രണ്ട്‌ലിയായിരുന്നു. എല്ലാവരും മിണ്ടുമായിരുന്നു.
വർഷങ്ങൾക്ക് ശേഷം 2010ല്‍ ചിത്രാഞ്ജലലി സ്റ്റുഡിയോയില്‍ ഞാന്‍ ഇരിക്കുമ്പോള്‍ തിലകനങ്കിള്‍ വടിയും കുത്തി കാറില്‍നിന്ന് ഇറങ്ങി വരുന്നത് കണ്ടു.
തന്നെ കണ്ട് അത്രയും അകലെ നിന്ന് ‘തോമാ’ എന്ന് നീട്ടി വിളിച്ചു. അങ്കിളിന് എന്നെ മനസിലായോ എന്നു ചോദിച്ചപ്പോള്‍ മനസിലാകാതെങ്ങനൊ നിന്നെ എത്ര ദൂരെ കണ്ടാലും എനിക്കറിയാമെന്നു പറഞ്ഞു.
നിന്നോട് അന്നു ഞാന്‍ സംസാരിച്ചില്ല. നിനക്ക് അന്നു വിഷമമായോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ മന:പൂര്‍വ്വം നിന്നെ മാറ്റി നിര്‍ത്തിയതാ. ഞാന്‍ നിന്നോട് സ്‌നേഹമായി മിണ്ടിയാല്‍ തോമസ് ചാക്കോയും ചാക്കോ മാഷും തമ്മിലുള്ള ബന്ധം മുറിഞ്ഞു പോകും എന്നായിരുന്നു അദ്ദേഹം അന്നു പറഞ്ഞതെന്ന് രൂപേഷ് പറയുന്നു.