സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങളുടെ നിര്‍മാണരംഗത്ത് കേരളത്തിനു വെല്ലുവിളി. സുഗന്ധവ്യഞ്ജന എണ്ണ, ഓലിയോറസിന്‍ തുടങ്ങിയവ (11475 ടണ്‍) കയറ്റുമതി ചെയ്ത് കഴിഞ്ഞ വര്‍ഷം ഇന്ത്യ നേടിയത് 1911 കോടി രൂപയാണ്. മികച്ച സാങ്കേതിക വൈദഗ്ധ്യത്തോടെ രാജ്യാന്തര തലത്തില്‍ ഉല്‍പ്പന്നങ്ങളുണ്ടാക്കി കേരള കമ്പനികള്‍ നേട്ടം കൊയ്തു. എന്നാല്‍, അടുത്തകാലത്തായി സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പാദനം സംസ്ഥാനത്ത് ഗണ്യമായി കുറയുന്നത്, വന്‍തോതില്‍ ഇറക്കുമതിയെ ആശ്രയിക്കേണ്ട സ്ഥിതിയിലെത്തിച്ചിരിക്കുന്നു.വിയറ്റ്‌നാം, ശ്രീലങ്ക, കംബോഡിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിയില്‍ ഏറെ മുന്നോട്ടുപോയി. കുരുമുളകിന്റെ ഉല്‍പ്പാദനം ഏതാനും വര്‍ഷങ്ങള്‍ക്കകം ഒന്നര ലക്ഷം ടണ്ണോളമെത്തിക്കാന്‍ വിയറ്റ്‌നാമിന് കഴിഞ്ഞു. പിരിയന്‍ മുളകിന്റെ കൃഷിയില്‍ ചൈന ബഹുദൂരം മുന്നിലാണ്. രാജ്യത്ത് കുരുമുളക്, വറ്റല്‍ മുളക്, ചുക്ക് തുടങ്ങിയവയുടെ ഉല്‍പാദനത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മറികടന്നു. കേരളത്തിലാകട്ടെ, പല വിളകളുടെയും കൃഷി നാമമാത്രമായി.കാര്‍ഷിക വ്യവസായ രംഗത്ത് ഇതിന് അനുകൂലമായ സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടതുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ കാര്‍ഷിക വിഭാഗം പാനല്‍ ചെയര്‍മാന്‍ ശിവദാസ് ബി. മേനോന്‍ പറഞ്ഞു.