മൂന്നാര്‍: സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശു പിഴുതുമാറ്റിയ സംഭവത്തില്‍ വിവാദം തുടരവേ സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് സ്പിരിറ്റ് ഇന്‍ ജീസസ് തലവന്‍ ടോം സ്‌കറിയക്കെതിരേ കേസെടുത്തു. 1957 ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ വാഹനം ഉപയോഗിച്ച് തടഞ്ഞതിന് പൊറിഞ്ചു എന്നയാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
റവന്യൂവകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇടുക്കി എസ്പിയുടെ നിര്‍ദേശപ്രകാരം ശാന്തന്‍പാറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശും ഷെഡ്ഡും സ്ഥാപിച്ചു എന്നാണ് കേസ്. ഇപ്പോള്‍ വിദേശത്തുള്ള ടോം സ്‌കറിയയെ നാട്ടിലേയ്ക്ക് വിളിച്ചുവരുത്തി തെളിവെടുക്കുമെന്നാണ് സൂചന.
പാപ്പാത്തിച്ചോലയില്‍ പ്രാര്‍ത്ഥന നടത്തുന്ന സ്പിരിറ്റ് ജീസസില്‍ പ്രവര്‍ത്തിക്കുന്ന 50 ഓളം പേര്‍ സൂര്യനെല്ലിയില്‍ മാത്രമായുണ്ട്. കുരിശ് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് പ്രാര്‍ത്ഥനായജ്ഞം നടത്തുമെന്ന് ഇവര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേസെടുത്ത പശ്ചാത്തലത്തില്‍ ഇവര്‍ സമരത്തില്‍ നിന്ന് പിന്മാറിയതായാണ് സൂചന. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെയും കേസെടുക്കുന്ന കാര്യം ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പാപ്പാത്തിച്ചോലയില്‍ അനധികൃതമായി കയ്യേറി നിര്‍മ്മിച്ച കുരിശും ഷെഡ്ഡും ഇന്നലെ സബ്കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഒഴിപ്പിച്ചിരുന്നു. കുരിശും സമീപത്തെ കോണ്‍ക്രീറ്റ് കെട്ടിടവും പൊളിച്ച റവന്യൂസംഘം ഷെഡ്ഡുകള്‍ക്ക് തീയിട്ടു.
പാപ്പാത്തിച്ചോലയില്‍ 2,185 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാറിനുള്ളത്. ഇതില്‍ 200 ഏക്കര്‍ ഭൂമി കൈയടക്കിയാണ് തൃശൂര്‍ ആസ്ഥാനമായ സ്പിരിറ്റ് ഓഫ് ജീസസ് കുരിശും ഷെഡും നിര്‍മിച്ചത്. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരത്തേ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
പാപ്പാത്തിച്ചോലയില്‍ കുരിശ് തകര്‍ത്തതിനെ വിമര്‍ശിച്ച് ഇന്നലെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയില്ല. റവന്യൂസംഘം കൂടുതല്‍ ജാഗ്രത കാട്ടണമായിരുന്നു. കുരിശ് പൊളിച്ചു മാറ്റേണ്ടിയിരുന്നില്ലെന്നും ഭൂമി ഏറ്റെടുത്താല്‍ മതിയായിരുന്നെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
എന്നാല്‍ മൂന്നാറില്‍ ഇന്നലെ നടന്ന ഒഴിപ്പിക്കല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലായിരുന്നുവെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇന്ന് വ്യക്തമാക്കി. അത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. മൂന്നാറില്‍ നടപ്പിക്കുന്നത് ഒഴിപ്പിക്കലാണ്, ആ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുക തന്നെ ചെയ്യും. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി പറയുന്നില്ല, മറുപടി പറയുന്നത് ശരിയല്ലെന്നും റവന്യൂ മന്ത്രി പ്രതികരിച്ചിരുന്നു.