ശ്രീശാന്ത് തൃപ്പൂണിത്തുറയിൽ ബിജെപി സ്ഥാനാർഥി; സ്ഥാനാർഥിയാക്കിയത് കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ

രാഷ്ട്രീയ ലേഖകൻ

കൊച്ചി: കേരളത്തിൽ അക്കൗണ്ട് തുറക്കാനൊരുങ്ങുന്ന ബിജെപി എറണാകുളത്തെ പ്രസ്റ്റീജ് മണ്ഡലമായ തൃപ്പൂണിത്തുറയിൽ ക്രിക്കറ്റ് താരം ശ്രീശാന്തിനെ സ്ഥാനാർഥിയാക്കുന്നു. മന്ത്രി കെ.ബാബുവും, സിപിഎമ്മിലെ സിഎം ദിനേശ് മണിയും മത്സരിക്കുന്ന സീറ്റിൽ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് ശ്രീശാന്തിനെ ബിജെപി സ്ഥാനാർഥിയാക്കാനൊരുങ്ങുന്നത്. ഇതോടൊപ്പം ശ്രീശാന്തിന്റെ ജ്ന്മനാടായ കോതമംഗലം സീറ്റിലേയ്ക്കും ഇദ്ദേഹത്തെ സ്ഥാനാർഥിയാക്കുന്ന കാര്യം ബിജെപി സംസ്ഥാന നേതൃത്വം പരിഗണിക്കുന്നുണ്ട്.
തൃപ്പൂണിത്തുറയിൽ അടക്കം എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിശ്ചയിച്ച ബിജെപി സംസ്ഥാന നേതൃത്വത്തിനു അപ്രതീക്ഷിതമായാണ് ശ്രീശാന്തിന്റെ സ്ഥാനാർഥിത്വം നിർദേശിച്ചു കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പെത്തിയത്. സംസ്ഥാന നേതൃത്വം വിവിധ സ്ഥലങ്ങളിലേയ്ക്കു നൽകിയ സ്ഥാനാർഥി പട്ടിക വെട്ടിയ കേന്ദ്ര നേതൃത്വം വെങ്കയ്യ നായിഡുവിന്റെ പ്രതിനിധിയായാണ് സംസ്ഥാന നേതൃത്വത്തിലേയ്ക്കു ശ്രീശാന്ത് എത്തുന്നത്.
ഐപിഎൽ കോഴ വിവാദത്തെ തുടർന്നു ആജീവനാനന്ത വിലക്ക് നേരിടുന്ന ശ്രീശാന്ത് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. 1983 ഫെബ്രുവരി ആറിനു ജനിച്ച ശ്രീശാന്ത് കോതമംഗലം സ്വദേശിയാണ്. 2006 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെയാണ് ശ്രീശാന്ത് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇതേ വർഷം ഡിസംബറിൽ ദക്ഷിണ ആഫ്രിക്കയ്‌ക്കെതിരെയായിരുന്നു ശ്രീശാന്തിന്റെ ഏകദിന അരങ്ങേറ്റം. ഐപിഎൽ കോഴവിവാദത്തെ തുടർന്നു 2013 ൽ ശ്രീശാന്തിനെ ക്രിക്കറ്റിൽ നിന്നു ആജീവനാന്ത കാലത്തേയ്ക്കു വിലക്കുകയായിരുന്നു. ഇതേ തുടർന്ന് ഇപ്പോൾ ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നു ശ്രീശാന്തി വിട്ടു നിൽക്കുകയാണ്.
2007 ലെ ലോകകപ്പ് ഇന്ത്യ നേടുന്നതിൽ നിർണായക പങ്കു വഹിച്ചത് ശ്രീശാന്തായിരുന്നു. പാക്കിസ്ഥാനെതിരായ ഫൈനലിൽ മിസ്ബാ ഉൾഹക്ക് ഉയർത്തിയടിച്ച പന്ത് പിടിച്ചെടുത്ത ശ്രീശാന്താണ് ഇന്ത്യയ്ക്കു ലോകകപ്പ് സമ്മാനിച്ചത്. ലോകകപ്പിൽ നിർണായക ശക്തിയാകാനും ശ്രീശാന്തിനു കഴിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top