ഗുരുദേവ നിന്ദയില്‍ പ്രതിഷേധം: എസ്‌എന്‍ഡിപി ശാഖാ ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു

കുറിച്ചി: ഗുരുദേവനെ നിന്ദിച്ചതില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തിയ ശേഷം മടങ്ങിയ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു മൂന്നു എസ്‌എന്‍ഡിപി ശാഖായോഗം ഭാരവാഹികള്‍ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വം രാജി വച്ചു. എസ്‌എന്‍ഡിപി ശാഖാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവര്‍ രംഗത്തിറങ്ങി വിജയിപ്പിച്ച ഭാരവാഹികളാണ്‌ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു രാജി വച്ചിരിക്കുന്നത്‌. സിപിഎം ചെറുവേലിപ്പടി ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങളായ എസ്‌എന്‍ഡിപി ശങ്കരപുരം ശാഖാ പ്രസിഡന്റ്‌ ജയപ്രകാശ്‌, സെക്രട്ടറി ബിനു, കമ്മിറ്റി അംഗം ബിജു എന്നിവരാണ്‌ സിപിഎമ്മില്‍ നിന്നു രാജി വച്ചത്‌.
ഗുരുനിന്ദയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ ശേഷം മടങ്ങിയ എസ്‌എന്‍ഡിപി ശാഖാ യോഗം പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം കുറിച്ചിയില്‍ ഒരു സംഘം മര്‍ദിച്ചിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പ്രതിയാക്കി പൊലീസ്‌ കേസെടുക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും എസ്‌എന്‍ഡിപി ശാഖാ ഭാരവാഹികളുടെ രാജി. എസ്‌എന്‍ഡിപി ചങ്ങനാശേരി യൂണിയന്‍ നിര്‍ദേശിച്ചതു അനുസരിച്ചാണ്‌ ഇപ്പോള്‍ ഇവര്‍ പാര്‍ട്ടിയില്‍ നിന്നു രാജി വച്ചിരിക്കുന്നത്‌.
എസ്‌എന്‍ഡിപി യോഗത്തിന്റെ ശങ്കരപുരം ശാഖയിലേയ്ക്കു കഴിഞ്ഞ മാസം വാശിയേറിയ തിരഞ്ഞെടുപ്പാണ്‌ നടന്നത്‌. സിപിഎം അനുഭാവികളും, പാര്‍ട്ടി അംഗങ്ങളുമായ ഒരു വിഭാഗം ഒരു പാനലായി മത്സര രംഗത്തുണ്ടായിരുന്നു. പാര്‍ട്ടിയുടെ അനൌദ്യോഗിക അനുമതിയോടെയാണ്‌ ഇവര്‍ മത്സരിക്കാനിറങ്ങിയിരുന്നത്‌. സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ പാര്‍ട്ടി അംഗങ്ങളുടെ പാനലിനു വേണ്ടി പ്രചാരണത്തിനും ഇറങ്ങിയിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ്‌ എസ്‌എന്‍ഡിപി യോഗത്തിന്റെ ഭാരവാഹികള്‍ കൂടിയായ ജയപ്രകാശ്‌ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍, നടപടിയെടുക്കാതിരുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ രാജിയെന്നാണ്‌ സൂചന.

Top