കൊച്ചി:വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണക്കേസില്‍ മൂന്ന് ആര്‍ടിഎഫുകാര്‍ അറസ്റ്റില്‍. എസ്പിയുടെ സെപഷ്യല്‍ സ്ക്വാഡിലുള്ളവരാണ് അറസ്റ്റിലായത്. സന്തോഷ്, സുമേഷ്, ജിതിന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണസംഘം. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയിരിക്കുന്നത്.
ഇവരെ മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും. ശ്രീജിത്തിനെ വരാപ്പുഴയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ഇവര്‍ ആയിരുന്നു. അറസ്റ്റിന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കിയിരുന്നു. അറസറ്റിലായ പോലീസുകാര്‍കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.ശ്രീജിത്തിനെ മര്‍ദ്ദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത സമയം പോലീസുകാര്‍ മൂന്നുപേരും ശ്രീജിത്തിനെ മര്‍ദ്ദിച്ചതായി അമ്മയും ഭാര്യയും അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴി നല്‍കിയിരുന്നു.
ഗുരുതരമായ പല വീഴ്ച്ചകളും ആര്‍ടിഎഫ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായി എന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. വാസുദേവന്‍റെ വീടാക്രമിച്ചവരെ കുറിച്ചോ ആ പ്രദേശത്തെ കുറിച്ചോ ഒരു ധാരണയുമില്ലാതെയാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുന്നത്. ആത്മഹത്യ ചെയ്ത വാസുദേവന്‍റെ സഹോദരന്‍ ഗണേശനുമായി വന്ന ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ഗണേശന്‍ കാണിച്ചു കൊടുത്തവരെയൊക്കെ പിടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വീടാക്രമണത്തില്‍ പങ്കില്ലാത്ത ശ്രീജിത്തിനേയും സജിത്തിനേയും എന്തിനാണ് ഗണേശന്‍ പോലീസുകാര്‍ക്ക് കാണിച്ചു കൊടുത്തതെന്ന് വ്യക്തമല്ല. ഇക്കാര്യം കണ്ടെത്താന്‍ ഗണേശന്‍ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോള്‍ ശ്രീജിത്ത് കാര്യമായ പ്രതിരോധത്തിന് ശ്രമിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ നന്നായി മര്‍ദ്ദിച്ചിരുന്നു. ഇതിനാല്‍ തന്നെ കേസില്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും എന്നാണ് സൂചന.
അതേസമയം ശ്രീജിത്തിന്‍റെ മരണകാരണമായ മര്‍ദ്ദനം എവിടെ വച്ചു നടന്നു എന്നതാണ് പ്രത്യേക അന്വേഷണസംഘത്തെ കുഴക്കുന്ന ചോദ്യം. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുന്പോള്‍ ആര്‍ടിഎഫുകാരും പിന്നീട് വാരാപ്പുഴ സ്റ്റേഷനില്‍ വച്ച് എസ്ഐ ദീപകിന്‍റെ നേതൃത്വത്തില്‍ പോലീസുകാരും ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടുണ്ട്. പോലീസ് വാഹനത്തില്‍ വച്ചും ഇയാള്‍ക്ക് മര്‍ദ്ദനമേറ്റതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണകാരണം കണ്ടെത്താന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം അന്വേഷണസംഘം തേടിയിരിക്കുന്നത്.