ജിഷ്ണുവിന്റെ അമ്മാവന്‍ ദേശാഭിമാനിയില്‍ നിന്നും രാജിവച്ചു; ശ്രീജിത്തിന്റെ നടപടി സിപിഎമ്മില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ

ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ദേശാഭിമാനിയില്‍ നിന്നും രാജിവെച്ചു. സിപിഐഎമ്മില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ആണ് നടപടി. വളയം മണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്ന ശ്രീജിത്തിനെതിരെ പാര്‍ട്ടി ഇന്നലെയാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചത്. പത്തുവര്‍ഷത്തോളം നാദാപുരത്തും അഞ്ചുവര്‍ഷം വടകരയിലും ദേശാഭിമാനി ലേഖകനായിരുന്ന ശ്രീജിത്ത് ഇപ്പോള്‍ പത്രത്തിന്റെ പരസ്യവിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.

പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരെ ആയിരുന്നില്ല താന്‍ അടക്കമുളള ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരമെന്ന് ശ്രീജിത്ത്. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ അതീവദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നീതിനിഷേധമുണ്ടായി. ഷാജിര്‍ഖാന്‍ അടങ്ങുന്ന എസ്‌യുസിഐ പ്രവര്‍ത്തകര്‍ക്ക് നീതികിട്ടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബോധപൂര്‍വമായ ഒരു തെറ്റും ഞാന്‍ എന്റെ പാര്‍ട്ടിക്കും എന്റെ സര്‍ക്കാരിനും എതിരെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഈ വാര്‍ത്ത വിശ്വസിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല. എന്റെ അച്ഛന്‍ ഈ പാര്‍ട്ടിക്കുവേണ്ടി ജീവിക്കുന്ന ഒരു രക്തസാക്ഷി ആയതാണ്. അദ്ദേഹം എന്നെ വിളിച്ചിരുന്നു. വലിയ വിഷമം അറിയിച്ചു. ഒരിക്കലും സംസ്ഥാന നേതാക്കളോ ആരും അറിഞ്ഞുകൊണ്ടെന്നെ പുറത്താക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആരെങ്കിലും ഒരാള്‍ എന്നോട് എന്താണ് പറ്റിപോയത് സഖാവെ, ഇത് ബോധപൂര്‍വമാണോ, അല്ലെങ്കിലോ എന്നൊരു ചോദ്യം എന്നോട് ചോദിച്ചിട്ട് ഈ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അച്ചടക്കമുളെളാരു പാര്‍ട്ടിയാണ്. എന്റെ ഭാഗത്തുനിന്നും അച്ചടക്ക വിരുദ്ധത സംഭവിച്ച് പോയിട്ടുണ്ടെങ്കില്‍ അതുള്‍ക്കൊളളാനുളള മനസാക്ഷി എനിക്കുളളതാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രീജിത്തായിരുന്നു നീതിക്കായുള്ള മഹിജയുടെ സമരത്തെ മുന്നോട്ട് കൊണ്ട് പോയിരുന്നത്. പല പ്രധാന തീരുമാനങ്ങളും കൈക്കൊണ്ടിരുന്നതും ശ്രീജിത്താണ്. സര്‍ക്കാര്‍ ജിഷ്ണു കേസില്‍ പല പ്രധാനപ്പെട്ട നടപടി സ്വീകരിച്ചതും ശ്രീജിത്തും മഹിജയും സമര പ്രഖ്യാപനങ്ങള്‍ നടത്തിയതിനു ശേഷമാണ്. നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവും കുടുംബവും ഡിജിപി ഓഫീസിന് മുന്നില്‍ നടത്തിയ സമരം വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തെത്തുടര്‍ന്ന് വന്‍ സമ്മര്‍ദ്ദമാണ് സര്‍ക്കാരിന് മേല്‍ ഉണ്ടായത്.

ഡിജിപി ഓഫീസിന് മുന്നിലെ സംഘര്‍ഷത്തിന് ശേഷം മഹിജയും ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും അമ്മാവന്‍ ശ്രീജിത്തും നടത്തിവന്ന സമരം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത്. മൂന്നാംപ്രതി ശക്തിവേല്‍ അറസ്റ്റിലായതോടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു, അഡ്വ. കെ.വി സോഹന്‍ എന്നിവരും മഹിജയും കുടുംബവുമായി ചര്‍ച്ച നടത്തി. പിന്നാലെ മുഖ്യമന്ത്രി മഹിജയെ ഫോണില്‍ വിളിക്കുകയും പ്രതികളെ പിടികൂടാമെന്നും ഡിജിപി ഓഫിസിന് മുന്നിലുണ്ടായ പൊലീസ് അതിക്രമത്തില്‍ നടപടി എടുക്കാമെന്നും ഉറപ്പ് നല്‍കി. കൂടാതെ ജിഷ്ണു പ്രണോയിയുടെ കുടുംബം ഉന്നയിച്ചതും സര്‍ക്കാര്‍ അംഗീകരിച്ചതുമായ പത്തുകാര്യങ്ങള്‍ കരാറാക്കി ഒപ്പുവെക്കുകയും ചെയ്തു.

പാര്‍ട്ടി ഇതുവരെ തന്നോട് വിശദീകരണം തേടിയില്ലെന്നും നടപടി സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു മഹിജയും ജിഷ്ണുവിന്റെ അമ്മാവനായ ശ്രീജിത്തും അടക്കുമുളളവര്‍ നടത്തി വന്ന നിരാഹാരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നും ശ്രീജിത്തിനെ പുറത്താക്കിയതും. പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ ഈ മാസം 15ന് വളയത്ത് സിപിഐഎം ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നുണ്ട്. എളമരം കരീം അടക്കമുളളവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍.

Top