സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് വരും വരെ നിരാഹാര സമരം തുടരുമെന്ന് ശ്രീജിത്ത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീജിത്ത് നിലപാട് വ്യക്തമാക്കിയത്.വ്യക്തമായ ഉറപ്പു ലഭിക്കുംവരെ സമരം തുടരും. കോടതിയുടെ സ്റ്റേ ഉള്ളതുകൊണ്ട് കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.
എല്ലാ വിധ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. അതില്‍ തീരുമാനം വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചതായി ശ്രീജിത്ത് പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീജിത്തും സമരസമിതി പ്രവര്‍ത്തകരും പറഞ്ഞു.
നവമാധ്യമങ്ങള്‍ കുട്ടികളിയല്ലെന്ന് സര്‍ക്കാരുകള്‍ തിരിച്ചറിയുകയാണ്. സെക്രട്ടറിയേറ്റ് നടയില്‍ രണ്ട് വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് നീതി തൊട്ടടുത്തായി. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ ആഹ്വാനത്തെ തുടര്‍ന്ന് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയ ആളുകളുടെ സംഘബലത്തെ പൊലീസും സര്‍ക്കാരും ഭയക്കുകയാണ്. ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവിന്റെ കൊലപാതകളും ഭയപ്പാടിലാണ്. ആരോപണം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് സര്‍ക്കാര്‍ മാറ്റുമെന്നാണ് സൂചന. കേസ് സിബിഐയും ഉടന്‍ ഏറ്റെടുക്കും. ശ്രീജിത്തിനൊപ്പം സമരം തുടരാന്‍ സമൂഹമാധ്യമ കൂട്ടായ്മ പ്രവര്‍ത്തകരും. ഇത് തിരിച്ചറിഞ്ഞാണ് ഒത്തുതീര്‍പ്പിന് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.
ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉറപ്പുനല്‍കിയിരുന്നു. എംപിമാരായ കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ക്കാണ് മന്ത്രി ഉറപ്പ് നല്‍കിയത്. പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണു നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിവ്(25) മരിച്ചത്. 2014 മെയ് 19നു രാത്രി ശ്രീജിവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷനിലെ സെല്ലില്‍ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നു പിറ്റേന്നു പൊലീസുകാര്‍ വീട്ടുകാരെ അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 21ന് ആണു ശ്രീജിവ് മരിച്ചത്. പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി ചെയര്‍മാനായിരിക്കെ, ജസ്റ്റിസ് കെ.നാരായണകുറുപ്പിന്റെ ഇടപെടലാണു കേസില്‍ വഴിത്തിരിവായത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ കസ്റ്റഡി മരണമാണെന്നു കണ്ടെത്തി.
എഎസ്ഐയുടെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജിവ് പ്രണയത്തിലായിരുന്നു. ആ പെണ്‍കുട്ടിയുടെ വിവാഹത്തലേന്നാണു ശ്രീജിവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഒരു വര്‍ഷം മുന്‍പ് മൊബൈല്‍ കടയില്‍ നടന്ന മോഷണത്തിന്റെ പേരിലായിരുന്നു അത്. സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവറെക്കൊണ്ടു ശ്രീജിവിനെ വിളിച്ചുവരുത്തുകയായിരുന്നു. ശ്രീജിവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തുക കുറ്റക്കാരില്‍നിന്ന് ഈടാക്കാനുമാണു കംപ്ലെയ്ന്റ് അഥോറിറ്റി വിധിച്ചത്. കുറ്റക്കാര്‍ക്കെതിരെ അച്ചടക്കട നടപടിയും നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരം നല്‍കിയെങ്കിലും പൊലീസുകാര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയയും ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായെത്തിയത്.
അതിനിടെ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കാന്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത ദിവസം ഇറങ്ങും. പൊതുപരാതി പരിഹാര വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്രസിങ്ങുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇക്കാര്യം ചര്‍ച്ച ചെയ്തു. ശ്രീജിത്തിനൊപ്പം മാധ്യമങ്ങളും സമൂഹമാധ്യമ കൂട്ടായ്മയും ഒത്തുചേര്‍ന്നതോടെയാണ് സിബിഐ അന്വേഷണത്തിലേക്ക് തീരുമാനങ്ങളെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി അറ്റോര്‍ണി ജനറലുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി ശ്രീജിവിന്റേത് കസ്റ്റഡി മരണമാണെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ശ്രീജിത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കാര്യങ്ങളും എജിയുമായി ചര്‍ച്ച ചെയ്തു.
സമരം ശക്തമാക്കാന്‍ കൂടുതല്‍ പേരെ അണിനിരത്താനാണു തീരുമാനം. സമരം ക്രമസമാധാനത്തെ ബാധിക്കാതിരിക്കാന്‍ സ്ഥിതി നിയന്ത്രിക്കണമെന്നു പൊലീസിന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. പൊലീസുകാര്‍ പ്രതിസ്ഥാനത്തുള്ള കേസ് ആയതിനാല്‍ വൈകാരിക പ്രതികരണങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ശ്രീജിത്തിന്റെ അമ്മ രമണി പ്രമീള രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സിബിഐ അന്വേഷണത്തിനുള്ള പിന്തുണ നല്‍കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി അവര്‍ പറഞ്ഞു. 2014 മുതലുള്ള മുഴുവന്‍ രേഖകളും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
അതിനിടെ മുഖ്യധാരാ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. ദിവസവും ശ്രീജിത്തിന് പിന്തുണയുമായി നിരവധി പേര്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തുന്നു. ഇത് സര്‍ക്കാരിനേയും വെട്ടിലാക്കുന്നു. അതുകൊണ്ട് തന്നെ എത്രയും വേഗം പ്രശ്ന പരിഹാരത്തിനാണ് സര്‍ക്കാരുകളുടെ ശ്രമം.
അതതിനിടെ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ഉറപ്പാക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മന്ത്രി ജിതേന്ദ്ര സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉറപ്പുനല്‍കിയതായി എംപിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും അറിയിച്ചു. ശ്രീജിത്തിനൊപ്പം റിലേ നിരാഹാരത്തിന് സമൂഹമാധ്യമ കൂട്ടായ്മകള്‍ തീരുമാനിച്ചിരിക്കേയാണ് വഴിത്തിരിവുണ്ടായത്. കേസില്‍ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ വലിയ പ്രകടനം നടന്നിരുന്നു.