തിരുവനന്തപുരം: താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരാവാദികള്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ ആയിരിക്കുമെന്ന് എഴുത്തുകാരനും കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. സമകാലിക മലയാളം വാരികയില്‍ കെ.ആര്‍ മീര എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരന്‍ തമ്പി സുധീരനെഴുതി വച്ച കത്തിനെക്കുറിച്ച് വ്യക്തമാക്കിയത്. ഈ കത്ത് ശരിയാണെന്ന് ശ്രീകുമാരന്‍ തമ്പി സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ജയ്ഹിന്ദ് ടിവിയിലെ പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ചാനലിന്റെ യഥാര്‍ത്ഥ അവസ്ഥയാണ് ശ്രീകുമാരന്‍ തമ്പിയുടെ കത്ത് ചര്‍ച്ചയാക്കുന്നത്.
ചട്ടമ്പിക്കല്ല്യാണിയെന്ന സീരിയലാണ് ശ്രീകുമാരന്‍ തമ്പി ജയ്ഹിന്ദിനായി ചെയ്തത്. സൂപ്പര്‍ ഹിറ്റ് സിനിമയായ ചട്ടമ്പിക്കല്യാണിയുടെ സീരിയല്‍ രൂപമായിരുന്നു ഇത്. കെ ആര്‍ മീരയായിരുന്നു തിരക്കഥാകൃത്ത്. 2013ല്‍ ടെലികാസ്റ്റ് തുടങ്ങിയ സീരിയില്‍ 65 എപ്പിസോഡുകള്‍ ജയ്ഹിന്ദില്‍ കാണിച്ചു. അത് പുനഃസംപ്രേഷണം ചെയ്തും ജയ്ഹിന്ദ് വരുമാനമുണ്ടാക്കി. എന്നാല്‍ ശ്രീകുമാരന്‍ തമ്പിക്ക് ഇനിയും 27 ലക്ഷം രൂപ കൊടുക്കാനുണ്ട്. 45 ലക്ഷം രൂപയ്ക്കായിരുന്നു സീരിയില്‍ ചെയ്യാന്‍ സമ്മതിച്ചത്. ഇതില്‍ 18 ല്കഷം നല്‍കിയിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി വിശദീകരിച്ചു. ആത്മഹത്യ ചെയ്യുമെന്ന കത്ത് കിട്ടിയ ശേഷം സുധീരന്‍ തന്നെ വിളിച്ചിരുന്നതായും കുറച്ചു കുറച്ച് തവണകളായി തരാമെന്ന് പറഞ്ഞതായും ശ്രീകുമാരന്‍ പറഞ്ഞു.
കെ ആര്‍ മീരയാണ് ഈ കത്ത് ചര്‍ച്ചയാക്കിയത്. സമകാലിക മലയാളത്തില്‍ കത്തിനെ കുറിച്ചെഴുതിയത് ഇങ്ങനെ- പ്രിയപ്പെട്ട വി എം സുധീരന്, ജയ്ഹിന്ദ് ടിവി എന്റെ പരമ്പര സംപ്രേഷണം ചെയ്ത വകയില്‍ കരാര്‍ പ്രകാരം എനിക്ക് 26,96,640 രൂപ തരാനുള്ളത് ചൂണ്ടിക്കാട്ടി പല തവണ ഞാനയച്ച കത്തുകള്‍ക്ക് മറുപടി അയക്കാനുള്ള മര്യാദപോലും താങ്കള്‍ കാണിച്ചിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ താങ്കള്‍ക്കും എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ക്കും ഇത് സംബന്ധിച്ച പരാതി അയക്കുന്നു. ധനലക്ഷ്മി ബാങ്കിന്റെ വഴുതക്കാട് ശാഖയില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടം വാങ്ങിയാണ് ഞാന്‍ ഈ പരമ്പര നിര്‍മ്മിച്ചത്. ഇന്നുവരെയുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ ആര്‍ക്കെങ്കിലും ഒരു രൂപയെങ്കിലും നഷ്ടം വരുത്തുകയോ കടക്കാരനാകുകയോ ചെയ്തിട്ടില്ല. പക്ഷേ ഇന്ന് എനിക്ക് പണം തന്നവര്‍ കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരിക്കുന്നു. കോടതി നടപടികളിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടാല്‍ ആ നിമിഷം ഞാന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വി എം സുധീരന്‍,എം.എം ഹസന്‍,കെ.പി മോഹനന്‍ എന്നിവരായിരിക്കും ഉത്തരവാദികള്‍.
3000ത്തിലേറെ പാട്ടുകള്‍ എഴുതുകയും 25 സിനിമകള്‍ നിര്‍മ്മിക്കുകയും 85 സിനിമകള്‍ക്ക് തിരക്കഥയെഴുതുകയും 29 സിനിമകള്‍ സംവിധാനം ചെയ്യുകയും 42 ഡോക്യുമെന്ററികളും 13 പരമ്പരകളും നിര്‍മ്മിച്ച് സംവിധാനം ചെയ്യുകയും 20ഓളം പുസ്തകങ്ങള്‍ എഴുതുകയും ചെയ്ത മലയാളിയാണ് അദ്ദേഹം. കിട്ടാനുള്ള പണത്തിനുവേണ്ടി 75ാം വയസില്‍ യാചിക്കേണ്ട അവസ്ഥയില്‍ അദ്ദേഹത്തെ നാം എത്തിച്ചിരിക്കുന്നു. അഭിമാനികളോട് അങ്ങനെയല്ലാത്തവര്‍ക്ക് തോന്നുന്ന പകയാണ് ഏറ്റവും മാരകമെന്നും കെ.ആര്‍ മീര ലേഖനത്തില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും വിറ്റു പണംകൊയ്യുന്ന ടെലിവിഷന്‍,എഫ്എം ചാനലുകള്‍ ഓരോന്നിനും 1000 രൂപ നല്‍കിയാല്‍ മതി. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സമാഹരിക്കുന്ന പാട്ടെഴുത്ത് പുസ്തകക്കാരും അഭിമുഖ സംഭാഷണക്കാരും ഓര്‍മ്മയൊന്നിന് 100 രൂപ നല്‍കിയാല്‍ മതി, ആ പാട്ടുകളുടെയും സിനിമകളുടെയും ആസ്വാദകര്‍ പാട്ടൊന്നിന് ഒരു രൂപ നല്‍കിയാല്‍ മതി ശ്രീകുമാരന്‍ തമ്പി കോടീശ്വരനാകുമെന്നും കെ.ആര്‍ മീര പറയുന്നു.
പലിശ ഇനത്തില്‍ മാത്രം ഈ സീരിയലിന് വേണ്ടി 12 ലക്ഷം രൂപ തന്റെ കൈയില്‍ നിന്ന് നഷ്ടമായിട്ടുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. ഇക്കാര്യത്തില്‍ ഹ്സ്സന്റെ നിലപാടും ശ്രീകുമാരന്‍ തമ്പിയെ അല്‍ഭുതപ്പെടുത്തി. ഒരു മാര്‍ഗ്ഗവുമില്ലാതെ വന്നപ്പോഴാണ് താന്‍ കടുത്ത കത്ത് സുധീരന് അയച്ചതെന്നും ശ്രീകുമാരന്‍ തമ്പി വിശദീകരിക്കുന്നു.
ജയ്ഹിന്ദ് ടിവിയിലെ പ്രതിസന്ധി വ്യക്തമാക്കുന്നതാണ് ഈ കത്ത്. അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സുധീരനും ഹസ്സനും തമ്മിലെ പ്രശ്നങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണം. ഹസന്റെ പല നീക്കങ്ങളേയും സുധീരന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ സുധീരന്‍ പറയുന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ചാനല്‍ എംഡിയായ ഹസ്സന്‍ തയ്യാറായതുമില്ല. കെപിസിസി അധ്യക്ഷനാണ് ചാനലിന്റെ പ്രസിഡന്റ്. ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മൂലം ഹസ്സന്‍ തയ്യാറായില്ല. ഇതോടെ പാര്‍ട്ടി ഫണ്ടുകള്‍ ചാനലിന് നല്‍കുന്നത് സുധീരന്‍ നിര്‍ത്തി. വിദേശ രാജ്യത്തെ പിരിവും തടഞ്ഞു. ഇതോടെ പ്രതിസന്ധി രൂക്ഷമായി. ചാനല്‍ തുടങ്ങിയിട്ട് ആദ്യമായി കഴിഞ്ഞ മാസം ശമ്പളം കൊടുക്കാനുമായില്ല. ഈ മാസം 2ന് മാത്രമാണ് കഴിഞ്ഞ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് ജയ്ഹിന്ദ് നല്‍കിയത്. അതിനിടെയാണ് ശ്രീകുമാരന്‍ തമ്പിയെ പോലെയുള്ള പ്രശ്തരുടെ പരാതിയും ചര്‍ച്ചയാകുന്നത്.