സ്‌പോട്‌സ് ലേഖകൻ
മിർപൂർ: ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലെ അവസാന ലീഗ് മത്സരത്തിൽ പാകിസ്താന് ആശ്വാസ ജയം. ശ്രീലങ്കയെ ആറ് വിക്കറ്റുകൾക്കാണ് പാകിസ്താൻ പരാജയപ്പെടുത്തിയത്. ദിനേശ് ചാന്ദിമലിന്റെയും തിലകരത്‌ന ദിൽഷന്റെയും അർദ്ധസെഞ്ച്വറിയും അവസാന മത്സരത്തിൽ ലങ്കയെ രക്ഷിച്ചില്ല. ലങ്ക ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ബാക്കിനിൽക്കെ പാകിസ്താൻ മറികടന്നു.
ടോസ് നേടിയ പാകിസ്താൻ ലങ്കയെ ബാറ്റിംഗിന് അയ്യക്കുകയായിരുന്നു. പാക് തീരുമാനം തെറ്റാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ലങ്കയുടെ ഇന്നിംഗ്‌സിന്റെ തുടക്കം. ദിനേശ് ചാന്ദിമലിന്റെയും തിലകരത്‌ന ദിൽഷന്റെയും മിന്നുന്ന ബാറ്റിംഗ് ലങ്കയെ ശക്തമായ നിലയിലേക്ക് എത്തിച്ചു. ഇരുവരും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 110 റൺസെടുത്തു. 55 റൺസെടുത്ത ചാന്ദിമൽ വഹാബ് റിയാസിന്റെ പന്തിൽ ഷർജീൽ ഖാൻ പിടിച്ച് പുറത്തായി.
ലങ്കൻ മധ്യനിരയ്ക്ക്് കൂടുതൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഷെഹൻ ജയസൂര്യ (4), ചമര കപുഗദേര (2), ദസുൻ സനക (0) എന്നിവർ വന്നതുപോലെ മടങ്ങി. മധ്യനിര വിക്കറ്റുകൾ കൊഴിയുമ്പോഴും ഇന്നിംഗ്‌സ് അവസാനം വരെ പിടിച്ചുനിന്ന ദിൽഷനാണ് ലങ്കയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്. പാക് നിരയിൽ മുഹമ്മദ് ഇർഫാൻ രണ്ടും വഹാബ് റിയാസ്, ഷോയെബ് മാലിക് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ലങ്കൻ വിജയലക്ഷ്യം പിന്തുടർന്ന പാക് നിര ശക്തമായ തിരിച്ചുവരവ് നടത്തി. ഓപ്പണർമാരായ ഷർജീൽ ഖാൻ 31ഉം മുഹമ്മദ് ഹഫീസ് 14ഉം റൺസെടുത്തു. 38 റൺസെടുത്ത സർഫ്രാസ് അഹമ്മദ് കലശേഖരയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. പാക് വിജയം ഉറപ്പിച്ച ഉമർ അക്മൽ 48 റൺസെടുത്ത് പവലിയനിലേക്ക് മടങ്ങി. അക്മൽ മടങ്ങുമ്പോൾ പാകിസ്താൻ സ്‌കോർ ഒപ്പത്തിനൊപ്പം എത്തിയിരുന്നു. ഷോയബ് മാലിക് 13 റൺസെടുത്തു. കുലശേഖര, ജയസൂര്യ, ദിൽഷൻ, സിരിവർദ്ധന എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഫൈനൽ മത്സരം ശനിയാഴ്ച ധാക്കയിൽ നടക്കും. ഇന്ത്യയും ആതിഥേയരായ ബംഗ്ലദേശും തമ്മിലാണ് മത്സരം. ടൂർണമെന്റിൽ തോൽവിയറിയാതെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ഇന്ത്യക്കെതിരെ മാത്രമാണ് ബംഗ്ലാദേശ് തോൽവി അറിഞ്ഞത്. വിജയം ആവർത്തിച്ചാൽ ടീം ഇന്ത്യക്ക് ഏഷ്യാകപ്പിൽ മുത്തമിടാം. അട്ടിമറി സംഭവിച്ചാൽ ആതിഥേയർ ആദ്യമായി ഏഷ്യാകപ്പ് ഉയർത്തും.