കൊളംബോ: ശ്രീലങ്കയില്‍ അട്ടിമറിയിലൂടെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പുറത്തായി. നിലവിലെ സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ യുപിഎഫ്എ പിന്‍വലിക്കുകയായിരുന്നു. മഹീന്ദ്ര രജപക്‌സെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.നിലവിലെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ സര്‍ക്കാരിനുള്ള പിന്തുണ, യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് പിന്‍വലിച്ചതോടെയാണ് രജപക്സെ അധികാരത്തിലെത്തിയത്.
പ്രസിഡന്‍റിന്‍റെ വസതിയിൽ നടന്ന ചടങ്ങിൽ മൈത്രിപാല സിരിസേനയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മൈത്രിപാല സിരിസേന പ്രസിഡന്‍റായതോടെ രൂപം കൊണ്ട മുന്നണിയാണ് യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ്. എന്നാല്‍ ഈ നീക്കത്തോടെ മുന്നണിതന്നെ ഇല്ലാതായിരിക്കുകയാണ്.
2015 ലാണ് കരുത്തനായ മഹിന്ദ രജപക്സെയെ തോൽപ്പിയ്ക്കാൻ സിരിസേനയും വിക്രമസിംഗെയും കൈകോർത്തത്. ഇതോടെ പതിറ്റാണ്ട് നീണ്ട ഭരണം രാജപക്സെയ്ക്ക് നഷ്ടമായി. ആഴ്ചകൾക്ക് മുമ്പ് നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ മഹിന്ദ രാജപക്സെയുടെ പാർട്ടി വൻ വിജയം നേടിയതാണ് സിരിസേനയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. ഏതായാലും പുതിയ നീക്കത്തോടെ കടുത്ത രാഷ്ട്രീയപ്രതിസന്ധിയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കൃത്യമായ നടപടിക്രമങ്ങളില്ലാതെ ഒരു പ്രധാനമന്ത്രിയെ പുറത്താക്കുന്നത് നിയമപോരാട്ടങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.