ആലപ്പുഴ: ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച യൂദാസുകളായി സി.പി.എം. മാറിയിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. തളിപ്പറമ്പില്‍ ഓണാഘോഷ സമാപന ഘോഷയാത്രയില്‍ കുരിശില്‍ തറയ്ക്കുന്ന നിശ്ചല ദൃശ്യം അവതരിപ്പിക്കുക വഴി സി.പി.എം. ഗുരുദേവനെ അവഹേളിക്കുകയാണ് ചെയ്തത്. ഈഴവരെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ചട്ടമ്പി സ്വാമികളെയോ മന്നത്ത് പത്മനാഭനേയോ ഇങ്ങനെ അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ അവരുടെ പോഷക സംഘടനകള്‍ക്കോ ധൈര്യമുണ്ടോ? അധികാരത്തിന് വേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് സി.പി.എം ഇപ്പോള്‍. ഇതിന് ജനങ്ങള്‍ മറുപടി നല്‍കും. ഇത് സി.പി.എമ്മിനെ നാശത്തിലേയ്ക്ക് നയിക്കുകയേ ഉള്ളൂ-വെള്ളാപ്പള്ളി പറഞ്ഞു.അതേസമയം ബാലസംഘത്തിന്റെ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചെന്ന വാര്‍ത്ത തെറ്റെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അപമാനിച്ചുവെന്നതു ബിജെപിയുടെ പ്രചാരണം മാത്രമാണെന്നും ആർഎസ്എസുകാർ ഗുരുവചനങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നതു മരപ്പലകയിൽ എഴുതിവച്ചതിനെയാണു കുരിശെന്നു തെറ്റിദ്ധരിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
സി.പി.എം. ആഭിമുഖ്യമുള്ള സാംസ്‌കാരിക സംഘടനകള്‍ കണ്ണൂര്‍ തളിപ്പറമ്പ് ഏഴാംമൈലില്‍ നിന്ന് കൂവോട്ടേക്ക് നടത്തിയ ഓണാേഘാഷ സമാപന ഘോഷയാത്രയിലാണ് കുരിശില്‍ തറച്ച ശ്രീനാരായണ ഗുരുദേവനെ അവതരിപ്പിച്ചത്. ഹൈന്ദവ വര്‍ഗീയതയ്‌ക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് നിശ്ചലദൃശ്യം അവതരിപ്പിച്ചതെങ്കിലും പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ നടന്ന ഘോഷയാത്ര കാണാനെത്തിയവരില്‍ പോലും ഇത് വലിയ മുറുമുറുപ്പാണ് സൃഷ്ടിച്ചത്. പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലും ഇത് വലിയ ചര്‍ച്ചാവിഷയമായി. ഇതിനെ തുടര്‍ന്നാണ് പരസ്യമായ വിമര്‍ശവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി തന്നെ രംഗത്തുവന്നത്.