സ്വന്തം ലേഖകൻ
കൊച്ചി: അവയവദാനത്തിനെതിരെ വൻവിമർശനം ഉയർത്തി നടൻ ശ്രീനിവാസൻ ഒടുവിൽ മാപ്പുപറഞ്ഞ് തലയൂരി. സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടൻ ശ്രനിവാസൻ മാപ്പു പറഞ്ഞു തലയൂരിയിരിക്കുന്നത്. ശ്രീനിവാസന്റെ പരാമർശനത്തിനെതിരെ കൊച്ചിയിൽ ഹൃദയം സ്വീകരിച്ച മാത്യു അച്ചാടൻ രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഖേദപ്രകടനവുമായി ശ്രീനിവാസൻ രംഗത്തെത്തിയത്.
തനിക്കു ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ അത്തരമൊരു പ്രസ്താവന നടത്തിയതെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീനിവാസൻ വ്യക്തമാക്കി. കൊച്ചിയിൽ ഹൃദയം സ്വീകരിച്ചയാൾ ജീവിച്ചിരിപ്പില്ലെന്ന് ചില വിദഗ്ധരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പറഞ്ഞത്. ഹൃദയം സ്വീകരിച്ച മാത്യു അച്ചാടനെ അപമാനിക്കുക എന്ന ലക്ഷ്യം അതിനില്ലായിരുന്നു. ആ ഒരു ഉദ്ദേശ്യത്തോടെയല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അവയവദാനത്തിന്റെ മറവിൽ നടക്കുന്ന അധാർമ്മിക പ്രവർത്തനങ്ങൾക്കെതിരായി പത്മഭൂഷൺ ജേതാവായ ഡോ. ബിഎം ഹെഗ്‌ഡെ പോരാട്ടം നടത്തുകയാണ്. അദ്ദേഹത്തിന് പിന്തുണ നൽകിയും അതിന്റെ പ്രാധാന്യം ജനങ്ങൾ അറിയണം എന്നുമുള്ള ആഗ്രഹത്തോടെയാണ് താൻ അന്ന് സംസാരിച്ചതെന്ന് ശ്രീനിവാസൻ പറഞ്ഞു. അവയവദാനത്തിൽ സ്വീകർത്താവിന്റെ ശരീരം പുതിയ അവയവത്തെ തിരസ്‌കരിക്കും. പലതരം രാസവസ്തുകളാണ് ഇതൊഴിവാക്കാൻ സ്വീകർത്താവിന്റെ ശരീരത്തിൽ കുത്തിവയ്ക്കുന്നത്. ഇത് ഗുരുതരമായ ഒരു അവസ്ഥയാണെന്നും ഇതിനെതിരായാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അന്ന് ഹൃദയം ഹെലികോപ്റ്ററിൽ ഹൃദയം കൊണ്ടുവന്നതിന് വൻ വാർത്താ പ്രാധാന്യമാണ് ലഭിച്ചതെന്നും എന്നാൽ ഹൃദയം സ്വീകരിച്ച വ്യക്തി ജീവിച്ചിരിപ്പില്ലെന്നും ചൊവ്വാഴ്ച എറണാകുളം പ്രസ്‌ക്ലബിൽ മാധ്യമങ്ങളോട് ശ്രീനിവാസൻ പറഞ്ഞിരുന്നു. അതിനെ തുടർന്നാണ് ഹൃദയം മാറ്റിവെക്കപ്പെട്ട ചാലക്കുടി സ്വദേശി മാത്യു അച്ചാടൻ മറുപടിയുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാത്യു പ്രതികരിച്ചത്. കൊച്ചിയിലേയ്ക്ക് എയർ ആംബുലൻസിൽ എത്തിച്ച നീലകണ്ഠ ശർമ്മയുടെ ഹൃദയം 15 മാസത്തിനപ്പുറവും തന്നിൽ സ്പന്ദിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏതു നിമിഷവും ജീവൻ നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിഞ്ഞ താൻ ഇപ്പോൾ സാധാരണ ജീവിതം നയിച്ചുവരികയാണെന്നും ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യങ്ങൾ ചെയ്തു കരികയാണെന്നും മാത്യു പറഞ്ഞിരുന്നു. ലിസി ആശുപത്രിയിൽ നിന്നും ഹൃദയം സ്വീകരിച്ചയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് പരിസഹിച്ചത് തന്നെ കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവയവ ദാനത്തെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ ശ്രീനിവാസനെപ്പോലുള്ള ഒരു വ്യക്തി രംഗത്തു വരുന്നത് വിജമകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.