കൊച്ചി: സിനിമ പ്രദര്‍ശനത്തിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുന്നത് നിരര്‍ത്ഥകമാണെന്ന അഭിപ്രായവുമായി നടനും സംവിധായകനുമായ ശ്രീനിവാസന്‍ രംഗത്ത്. രാജ്യസ്നേഹം ഓരോരുത്തരുടെയും ആത്മാവില്‍ നിന്ന് ഉണ്ടാകുന്നതാണെന്നും അത് അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനി വാസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുനേറ്റ് നിന്നാല്‍ രാജ്യം സ്നേഹം ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. അതേസമയം ദേശീയഗാനത്തെയും ദേശീയ ചിഹ്നങ്ങളെയും അപമാനിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ, ദേശീയഗാനത്തിനൊപ്പം എഴുന്നേറ്റ് നില്‍ക്കണമെന്ന് നമ്മള്‍ ഓരോരുത്തരോടും നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ പലരുടെയും ഉള്ള രാജ്യസ്നേഹം കൂടി കുറയുമെന്നും താരം ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഭരണവും നീതിന്യായ വ്യവസ്ഥയും നന്നായാല്‍ ഓരോരുത്തര്‍ക്കും അവരവരുടെ രാജ്യത്തോടുള്ള സ്നേഹം കൂടും. എന്നാല്‍ നമ്മുടെ രാഷ്ട്രീയക്കാരെല്ലാം അധികാരത്തിന്റെ ലഹരിയില്‍ അടിമപ്പെട്ടിരിക്കുകയാണ്. തങ്ങള്‍ മനുഷ്യത്വമില്ലാത്തവരായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ മനസിലാക്കുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. തനിക്ക് പുനര്‍ജന്‍മത്തില്‍ വിശ്വാസമില്ലെന്നും എന്നാല്‍ കണ്ണൂരില്‍ നടന്ന ഒരു പരിപാടിയില്‍ അടുത്ത ജന്‍മത്തില്‍ ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചു, മതവും രാഷ്ട്രീയവും ഇല്ലാത്ത ഒരു ലോകത്ത് ജനിക്കണമെന്നാണ് ആഗ്രഹമെന്ന് താരം പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍അന്തിക്കാടിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് ശ്രീനിവാസന്‍. മോഹന്‍ലാലാണ് നായകന്‍. അതിന് മുമ്പ് ശ്രീനിവാസന്‍ തന്നെ തിരക്കഥ എഴുതിയ പവിയേട്ടന്റെ മധുരച്ചൂരലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അയാള്‍ ശശി, ഹണീബി ടു എന്നീ സിനിമകള്‍ ആണ് ശ്രീനിവാസന്റെ പുതിയ റിലീസുകള്‍.