തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കലിന്റെ പേരില്‍ പ്രശസ്തനായ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. സര്‍വേ ഡയറക്ടറായാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോള്‍ നിയമിതനായിരിക്കുന്നത്. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, താനല്ല സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞു. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കൂടെയുണ്ടായിരുന്ന സുഹൃത്തായ വനിതയാണ് വാഹനം ഓടിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വഫാ ഫിറോസ് എന്ന യുവതിയെ പോലീസ് വീട്ടിലേയ്ക്ക് അയക്കുകയായിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇവരെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കലക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്‍.