മലയാളി താരം ശ്രീശാന്തിന് ബിഗ് ബോസ് റിയാലിറ്റി ഷോക്കിടെ പരിക്ക്. പരിക്ക് താരം സ്വന്തമായി ഉണ്ടാക്കിയതാണെന്നാണ് വിവരം. കുളിമുറിയുടെ ചുവരില്‍ തലകൊണ്ട് ഇടിച്ച് താരം തന്നെയാണ് മുറിവ് ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഷോയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സല്മാന് ഖാന് ശാസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുളിമുറിയില്‍ കയറിയിരുന്ന് ശ്രീ കരയാനും തുടങ്ങി. ദേഷ്യം നിയന്ത്രിക്കാനാവാതെ വന്ന ശ്രീശാന്ത് സ്വന്തം തല കുളിമുറിയുടെ ചുമരില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീശാന്തിന് എന്തു സംഭവിച്ചുവെന്നറിയാതെ ആരാധകര്‍ ആകാംക്ഷഭരിതരായിരുന്നു. ഇതിനുശേഷമാണു ശ്രീ സുഖമായിരിക്കുന്നു എന്നറിയിച്ചു ഭാര്യ ഭുവനേശ്വരിയുടെ ട്വീറ്റ് വന്നത്.
”ശ്രീശാന്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നു വായിച്ചപ്പോള്‍ ഞാന്‍ വളരെയധികം പേടിച്ചു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാല്‍ പരിശോധിക്കാനും എക്സ് റേ എടുക്കാനുമായി ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി. പേടിക്കാന്‍ ഒന്നുമില്ല. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി”- ഭുവനേശ്വരി ട്വീറ്റ് ചെയ്തു.
നേരത്തെ ശ്രീശാന്തിനെ പരിഹസിച്ച രാജ് കുന്ദ്രയ്ക്കു മറുപടിയുമായി ഭുവനേശ്വരി രംഗത്തെത്തിയിരുന്നു. കുന്ദ്രയോടു ആദ്യം പ്രതിഫലം തന്നു തീര്‍ക്കാന്‍ ആവശ്യപ്പെട്ട ഭുവനേശ്വരി ഐപിഎല്‍ വാതുവെയ്പ് കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ടു ശ്രീശാന്തിനെ കോടതി വെറുതെ വിട്ട കാര്യവും എടുത്തു പറഞ്ഞിരുന്നു.
ഷോയില്‍ ശ്രീശാന്തിന്റെ പ്രകടനവും പരാമര്‍ശങ്ങളും പലപ്പോഴും വിവാദമായിട്ടുണ്ട്. ഷോയില്‍ മറ്റുമത്സരാര്‍ഥികളോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ശ്രീ കടുത്ത വിമര്‍ശനം നേരിടുകയും ചെയ്തു.