മലയാളത്തിന്റെ പ്രിയ ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും കളികളത്തിലിറങ്ങുന്നു. ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബിസിസിഐയുടെ വിലക്കു നേരിട്ടിരുന്ന മലയാളി ക്രിക്കറ്റര്‍ എസ്. ശ്രീശാന്ത് വീണ്ടും മെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം 19ന് ബഹറിനിലാണ് മത്സരം. പാക് ടെസ്റ്റ് നായകന്‍ മിസ്ബാ ഉള്‍ ഹഖും ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ നയിക്കുന്ന ടീമുകള്‍ പങ്കെടുക്കുന്ന ബഹറിന്‍ ക്രിക്കറ്റ് ഫെസ്റ്റിവലാണ് ശ്രീയുടെ തിരിച്ചുവരവ്. ബഹറിന്‍ അന്താരാഷ് ട്ര സ്റ്റേഡിയത്തിലാണ് ട്വന്റി-20 ഫോര്‍മാറ്റിലുള്ള മത്സരം. കോടതി കുറ്റവിമുക്തനാക്കിയശേഷം ആദ്യമായാണ് ശ്രീശാന്ത് സജീവക്രിക്കറ്റിലേക്ക് മടങ്ങിയത്. നേരത്തെ സ്‌കോട്ട്ലന്‍ഡ് ലീഗില്‍ കളിക്കാന്‍ കരാറായിരുന്നെങ്കിലും ബിസിസിഐ അനുമതി നല്കയിരുന്നില്ല.
ബഹറിന്‍ സ്പോര്‍ട്സ് യുവജനക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരത്തില്‍ നിരവധി അന്താരാഷ്ട്ര താരങ്ങളും പാഡണിയുന്നുണ്ട്. പാക്കിസ്ഥാന്‍ വെടിക്കെട്ട് താരം ഷാഹിദ് അഫ്രീദി, ശ്രീലങ്കന്‍ താരം തിലകരത്ന ദില്‍ഷാന്‍, വിന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സ്, അബ്ദുള്‍ റസാഖ്, സൊഹൈല്‍ തന്‍വീര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.
പത്താനാണ് ശ്രീശാന്തിന്റെ ടീമിനെ നയിക്കുന്നതെങ്കിലും ബിസിസിഐ താരത്തിന്റെ പങ്കാളിത്തം തടഞ്ഞേക്കുമെന്ന സൂചനകളുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി (ഐസിസി) ബന്ധമില്ലാത്ത ടൂര്‍ണമെന്റായതിനാല്‍ മറ്റു താരങ്ങളെ വിലക്കാന്‍ ബിസിസിഐക്കോ ഐസിസിക്കോ സാധിക്കില്ല.