ബിജെപി സ്ഥാനാര്‍ഥിയായത് ശ്രീശാന്തിന് തിരിച്ചടിയാകുന്നു

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി ശരിവെച്ചതോടെ തിരിച്ചുവരാമെന്ന താരത്തിന്റെ മോഹങ്ങള്‍ അസ്തമിക്കുകയാണ്. പ്രായവും ഫോമും വില്ലനായിരിക്കുമ്പോള്‍തന്നെ കോടതിയില്‍ നിന്നും അനുകൂലവിധി ലഭിക്കാത്തത് ശ്രീശാന്തിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. ബിസിസിഐയുമായി നേരിട്ട് ഏറ്റുമുട്ടിയതും സംഘടനയെ പരസ്യമായി പലപ്പോഴും വിമര്‍ശിച്ചതും ശ്രീശാന്തിനെതിരെ പ്രതികാര നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചെന്നാണ് സൂചന. ബസിസിഐയുടെ ഇത്തരം നിലപാടില്‍ നിന്നും രക്ഷപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രീശാന്തിനൊപ്പം നില്‍ക്കണമായിരുന്നു. എന്നാല്‍, ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചതോടെ ആ സാധ്യതയും ഇല്ലാതായി. സംസ്ഥാന സര്‍ക്കാര്‍ പിയു ചിത്രയെ പോലുള്ള കായികതാരത്തിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തിയത് ഗുണം ചെയ്തിരുന്നു. ഇതേ രീതിയില്‍ ശ്രീശാന്തിനുവേണ്ടി ഇടപെട്ടിരുന്നെങ്കില്‍ ബിസിസിഐയില്‍ നിന്നും അനുകൂല നിലപാടുണ്ടാകുമായിരുന്നെന്ന് ശ്രീശാന്തുമായി അടുപ്പമുള്ളവര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ശ്രീശാന്ത് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഒത്തുകളിയില്‍ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ശ്രീശാന്തിന് തിരിച്ചുവരവിന്റെ വഴിതെളിയുമായിരുന്നു. എന്നാല്‍, ബിസിസിഐയുമായുള്ള ശ്രീശാന്തിന്റെ ഇടപെടല്‍ ശരിയായ രീതിയിലായിരുന്നില്ല. കേരള ക്രിക്കറ്റ് അസോസിയേഷനുമായി നല്ല ബന്ധം പുലര്‍ത്താനും ശ്രീശാന്തിന് കഴിഞ്ഞില്ല. ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ ശ്രീശാന്ത് അപ്പീല്‍ നല്‍കിയേക്കും. വിധി പ്രതികൂലമാവുകയാണെങ്കില്‍ തിരിച്ചുവരവ് മോഹം ശ്രീശാന്തിന് ഇല്ലാതാകും. സംസ്ഥാനത്തെ ബിജെപി പിന്തുണയോടെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ബിസിസിഐയില്‍ ഇടപെടാനും ശ്രീശാന്ത് ശ്രമിച്ചേക്കും. കോടതിയില്‍ കേസ് വലിച്ചിഴയ്ക്കുന്നതിനേക്കാള്‍ ബിസിസിഐയുമായി ഒത്തുതീര്‍പ്പിലെത്തെന്നുതാകും നല്ലതെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

Top