
കൊച്ചി:ശ്രീവല്‍സം ഗ്രൂപ്പിന്റെ 30ഓളം അക്കൗണ്ടുകള്‍ മരവിപ്പിച്ചു. നാഗാലാന്‍ഡില്‍ വെറുമൊരു കോണ്‍സ്റ്റബിളായി സര്‍വീസില്‍ പ്രവേശിച്ച് അഡിഷണല്‍ എസ്.പിയായി വിരമിച്ച് പൊലീസ് ആസ്ഥാനത്ത് ഉപദേശകനായി തിളങ്ങുന്ന ശ്രീവത്സം ഗ്രൂപ്പ് ഉടമ കൂടിയായ എം.കെ. രാജേന്ദ്രന് പിള്ളയുടെ അനധികൃത സ്വത്തുകള്‍ ഒരു തട്ടിപൊളിപ്പന്‍ സിനിമാകഥപോലെ പുറത്തുവരുമ്പോള്‍ മറനീക്കുമോ ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ബന്ധങ്ങളും? സംസ്ഥാനത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് എം.കെ.ആര് പിള്ളയുമായുള്ള ബന്ധവും സഹായവുമൊക്കെ അഭ്യൂഹങ്ങളായി പുറത്തുവന്ന് തുടങ്ങിയിരിക്കുന്നു. ആരുടേയും പേരുകള്‍ എടുത്തുപറഞ്ഞിട്ടില്ലെങ്കിലും മുള്ളും മുനയും വച്ച ആരോപണ, പ്രത്യാരോപണങ്ങള്‍ ചിലര്‍ക്ക് നേരെ നീളുന്നു. എത്രത്തോളം വാസ്തവമുണ്ടെന്ന് പുറത്തുവന്നിട്ടില്ല. അതിനാല്‍ പേരറിയാ കളികളാണ് നടക്കുന്നത്
ശ്രീവല്‍സം ഗ്രൂപ്പിന്റെ 30ഓളം ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. നാഗാലാന്‍ഡ്, ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലും സ്വന്തം പേരിലും ബന്ധുക്കളുടെയും സ്ഥാപനങ്ങളുടെയും പേരിലും ബിനാമി പേരുകളിലും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകള്‍ എം കെ ആര് പിള്ളയ്ക്ക് (ശ്രീവല്‍സം പിള്ള) ഉള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിനിടെ കണ്ടെത്താന്‍ കഴിഞ്ഞ അക്കൗണ്ടുകള്‍ മാത്രമാണു മരവിപ്പിക്കാന്‍ സാധിച്ചിട്ടുള്ളതെന്നും വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണു കരുതുന്നതെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓരോ അക്കൗണ്ടിലൂടെയും നടന്ന പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനൊപ്പം നിരവധി ബാങ്ക് ലോക്കറുകള്‍ മുദ്രവയ്ക്കുകയും ചെയ്തിട്ടുണ്ട്. മുദ്രവച്ചിട്ടുള്ള ലോക്കറുകളുടെ പരിശോധന ഇതിന്റെ തുടര്‍ച്ചയായി നടക്കും.കേരളത്തിനകത്തും പുറത്തുമുള്ള എം കെ ആര് പിള്ളയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ 60 ലക്ഷം രൂപയുടെ കറന്‍സിയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളടക്കമുള്ളവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇനിയും കൊച്ചിയില്‍ എത്തിയിട്ടില്ല. നാഗാലാന്‍ഡില്‍ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളടക്കമുള്ളവ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിന് അന്വേഷണസംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ അവിടേക്കു തിരിക്കാനിരിക്കുന്നതേയുള്ളൂ. രേഖകള്‍ കൊണ്ടുവന്നു പരിശോധിച്ച ശേഷമേ ശ്രീവല്‍സം ഗ്രൂപ്പ് ഉടമയും നാഗാലാന്‍ഡ് മുന്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടുമായ എം കെ രാജേന്ദ്രന് പിള്ളയെന്ന എം കെആര്‍ പിള്ളയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യലിനായി വിളിക്കൂ.നാഗാലാന്‍ഡിലും ഡല്‍ഹിയിലും ബംഗളൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന എം കെ ആര് പിള്ളയുടെ വാണിജ്യ സാമ്രാജ്യത്തിന്റെ ആസ്തി നിര്‍ണയിക്കുന്നതിനും വരുമാന സ്രോതസ്സും മറ്റിടപാടുകളും കണ്ടെത്തുന്നതിനും സമഗ്രമായ അന്വേഷണത്തിനാണ് ആദായനികുതി വകുപ്പ് തുടക്കംകുറിച്ചിരിക്കുന്നത്. കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആദായനികുതി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഏകോപിതമായ അന്വേഷണമാണു നടക്കുന്നത്.
അതിനിടെ കഴിഞ്ഞദിവസം സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പൊട്ടിച്ച വെടി വലിയ ചര്‍ച്ചയും വിവാദവുമായി. ശ്രീവത്സം ഗ്രൂപ്പിന്റെ ഹരിപ്പാട്ടെ ഇടപാടുകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള ജില്ലയിലെ മുന്‍ യു.ഡി.എഫ് മന്ത്രിയാണെന്ന ആരോപണമാണ് ആഞ്ചലോസ് ഉയര്‍ത്തിയത്. ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ശ്രീവത്സം ഗ്രൂപ്പിന് പങ്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരമെന്നും ആഞ്ചലോസ് പറഞ്ഞിരുന്നു. എന്നാല്‍, ശ്രീവത്സം ഗ്രൂപ്പിന് ബന്ധമുള്ളത് ഇടതു നേതാക്കള്‍ക്കാണെന്ന് തിരിച്ചടിച്ച് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ നേതൃത്വം വൈകാതെ രംഗത്തെത്തി. പിള്ളയുമായി കോണ്‍ഗ്രസിലേയോ യു.ഡി.എഫിലേയോ നേതാക്കള്‍ക്ക് വഴിവിട്ട ബന്ധമില്ല. സി.പി.ഐക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ മന്ത്രിയുടെ പേര് വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐയെക്കൊണ്ടോ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്സിയെകൊണ്ടോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയതോടെ വിഷയം ചൂട് പിടിക്കുകയും ചെയ്തു. സി.പി.ഐയുടെ നേതാക്കള്‍ക്ക് ശ്രീവത്സം ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് സി.പി.ഐ യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. യു.ഡി.എഫിലെ ഒരു മുന്‍മന്ത്രിക്ക് ശ്രീവത്സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ദുഷ്ടലാക്കോടെയാണ്.യു.ഡി.എഫിലെ മുന്‍മന്ത്രിമാരെയെല്ലാം സംശയത്തിന്റെ നിഴലിലാക്കി രക്ഷപ്പെടാനാണ് സി.പി.ഐയുടെ ശ്രമം. ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ശ്രീവത്സം ഗ്രൂപ്പിന് ബന്ധമുണ്ടെന്ന ആരോപണവും വസ്തുതാപരമല്ലെന്നും ചെന്നിത്തല പറഞ്ഞു. ഇതേച്ചൊല്ലിയുള്ള വാദ പ്രതിവാദങ്ങളും വിവാദങ്ങളും വരുംദിവസങ്ങളില്‍ കൊഴുക്കുമെന്ന സൂചനയാണ് ഇതിലൂടെയൊക്കെ പുറത്തുവരുന്നത്. ഭരണ കക്ഷിയിലുള്ളവരടക്കം ചില പ്രാദേശിക നേതാക്കള്‍ ശ്രീവത്സം ഗ്രൂപ്പിനെ സഹായിച്ചിരുന്നുവെന്ന ആരോപണങ്ങളും ഇതിനിടെ ഉയരുന്നുണ്ട്. എന്നാല്‍, ഉയരുന്ന ആരോപണങ്ങളെല്ലാം ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷി നേതാക്കള്‍ നിഷേധിക്കുകയാണ്.
ഉന്നതബന്ധമില്ലാതെ ഇത്രയും വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ശ്രീവത്സം ഗ്രൂപ്പിന് കഴിയുമോ എന്ന ചോദ്യം ഇതിനിടെ ഉയര്‍ന്നുവരുന്നുണ്ട്. ഏതെങ്കിലും ഭാഗത്തുനിന്ന് ഇത്തരം സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഉന്നതതല അന്വേഷണത്തിലൂടെയേ അത് പുറത്തുവരൂ. കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടുകഴിഞ്ഞു. അത് സര്‍ക്കാര്‍ അംഗീകരിച്ച് അന്വേഷണം പ്രഖ്യാപിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. കേരളത്തിലെ പല ജില്ലകളിലും ശ്രീവത്സം ഗ്രൂപ്പ് ഭൂമി വാങ്ങിക്കൂട്ടുകയും ജൂവലറി അടക്കമുള്ള സ്ഥാപനങ്ങള്‍ തുടങ്ങുകയും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. നാഗാലാന്‍ഡിലെ വന്‍കിട കരാറുകാര്‍, രാഷ്ട്രീയ, വ്യവസായ പ്രമുഖര്‍ എന്നിവരുടെ ബിനാമിയാണ് പിള്ളയെന്നാണ് ആരോപണം. കേരളത്തിലും അതുപോലുള്ള ബന്ധങ്ങള്‍ പിള്ളയ്ക്ക് ഉണ്ടോ എന്നതാണ് ഇനി അറിയാനുള്ളത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പിള്ള ബിസിനസ് സാമ്രാജ്യം വികസിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് രാഷ്ട്രീയ ബന്ധം വളമാകാറുണ്ട്. അതുപോലെ എന്തെങ്കിലും പിള്ളയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് തുടര്‍ അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമാകുമെന്നാണ് സൂചന.