ശ്രീവല്‍സം:യു.ഡി.എഫ് മന്ത്രി സംശയത്തില്‍ !..മറ്റൊരു അഴിമതി പരമ്പര ?

കൊച്ചി :യു.ഡി.എഫ് ഭരണത്തിലെ മറ്റൊരു അഴിമതിയുടെ ഞെട്ടിക്കുന്ന കഥകളാണോ ശ്രീവല്‍സം വിഷയത്തിലും ? ശ്രീവല്‍സം സ്ഥാപനങ്ങളിലെ റെയ്ഡില്‍ സുപ്രധാന രേഖകള്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി രാധാമണിയുടെ വീട്ടില്‍ നിന്നാണ് സുപ്രധാനമെന്ന് കരുതുന്ന ഡയറി കിട്ടിയത്. ഡയറിയില്‍ പണമിടപാടുകളുടെയും ഭൂമിയിടപാടുകളുടെ വിവരങ്ങളാണ് ഉള്‍കൊള്ളുന്നത്. ആദായനികുതി വകുപ്പാണ് ഡയറി പിടിച്ചെടുത്തത് .വന്‍തോതിലുള്ള അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണം നേരിടുന്ന ശ്രീവല്‍സം സ്ഥാപനങ്ങള്‍ യുഡിഎഫ്‌ ഭരണത്തിന്റെ തണലില്‍ കേരളത്തില്‍ അരങ്ങേറിയ മറ്റൊരു അഴിമതി പരമ്പരയുടെ ചുരുളാണ്‌ അഴിക്കുന്നത്‌. സ്ഥാപനങ്ങളുടെ ഉടമയുടെ യക്ഷിക്കഥകളെ അനുസ്മരിപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ച ഭരണകൂട പിന്തുണയോടെ നടന്ന വന്‍ അഴിമതിയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ശ്രീവല്‍സം സ്ഥാപനങ്ങളുടെ ഉടമ എംകെആര്‍ പിള്ള നാഗാലന്‍ഡ്‌ പൊലീസില്‍ കോണ്‍സ്റ്റബിളായാണ്‌ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്‌. വിരമിക്കുമ്പോള്‍ പിള്ള അഡീഷണല്‍ എസ്‌ പി ആയിരുന്നു. സര്‍വീസ്‌ കാലത്ത്‌ രാജ്യാതിര്‍ത്തിയില്‍ നിന്നും പൊലീസ്‌ വാഹനങ്ങളില്‍ കള്ളക്കടത്ത്‌ നടത്തിയതിന്‌ പിള്ളക്കെതിരെ അന്വേഷണം നടന്നിരുന്നതായി വാര്‍ത്തയുണ്ട്‌. തെളിവുകളുടെ അഭാവത്തില്‍ അമ്പേഷണം അവസാനിപ്പിക്കുകയായിരുന്നത്രെ. സര്‍വീസിലിരിക്കെ കള്ളക്കടത്തിന്റെ പേരില്‍ അന്വേഷണം നേരിടേണ്ടിവന്ന ഒരാളെ വിരമിച്ചശേഷം നാഗാലാന്‍ഡ്‌ പൊലീസ്‌ ആസ്ഥാനത്ത്‌ വാഹനങ്ങളുടെ ചുമതലക്കാരനായി തുടരാന്‍ അനുവദിച്ചതില്‍ ദുരൂഹതയുണ്ട്‌.

ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം നടന്നുവരുന്നതായാണ്‌ വാര്‍ത്ത. ശ്രീവല്‍സം ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലായി നടന്ന റെയ്ഡുകളും അന്വേഷണങ്ങളും 450 കോടി രൂപയുടെ അനധികൃത സ്വത്ത്‌ കണ്ടെത്തിയിട്ടുണ്ട്‌. പിള്ളയുടെ മക്കളും ശ്രീവല്‍സം ബിസിനസ്‌ സാമ്രാജ്യത്തിന്റെ കേരളത്തിലെ നടത്തിപ്പുകാരുമായ അരുണ്‍രാജ,്‌ വരുണ്‍ രാജ്‌ എന്നിവര്‍ അന്വേഷണത്തോട്‌ സഹകരിക്കുന്നുണ്ടെന്നും ഗ്രൂപ്പിന്‌ 1000 കോടി രൂപയുടെ സ്വത്തുള്ളതായി അവര്‍ സമ്മതിച്ചതായും വാര്‍ത്തയുണ്ട്‌. ഗ്രൂപ്പിന്റെ മൊത്തം ആസ്തി മൂവായിരം കോടി കവിയുമെന്നാണ്‌ പറയപ്പെടുന്നത്‌. കേരളത്തിനകത്തും പുറത്തുമായി വ്യാപിച്ചുകിടക്കുന്ന അനധികൃത സമ്പത്തിന്റെ ഒരംശത്തെ കുറിച്ച്‌ മാത്രമാണ്‌ ഇതിനകം പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌.
പന്തളത്തും ഹരിപ്പാടും കായംകുളത്തും മറ്റുമായി വസ്ത്രം, ആഭരണം, വാഹനം, ഭൂമികച്ചവടം എന്നിങ്ങനെ വിവിധ ബിസിനസ്‌ ഇടപാടുകളുമായി ബന്ധപ്പെട്ട്‌ ഒരു മുന്‍ പൊലീസ്‌ കോണ്‍സ്റ്റബിള്‍ ഇത്ര വലിയ അനധികൃത സമ്പത്ത്‌ ആര്‍ജിക്കണമെങ്കില്‍ അതിന്‌ ഉന്നത രാഷ്ട്രീയ നേതൃത്വമടക്കം ഭരണകൂട ഒത്താശ കൂടാതെ കഴിയില്ലെന്ന്‌ തിരിച്ചറിയാന്‍ ആര്‍ക്കും അന്വേഷണ ഏജന്‍സികളുടെ പിന്തുണയോ അസാമാന്യമായ ബുദ്ധിവൈഭവമോ ആവശ്യമില്ല. ഹരിപ്പാട്‌ മെഡിക്കല്‍ കോളജിന്റെ പേരിലും വിവാദ ഗ്രൂപ്പിന്റെ ഭൂമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന്‌ വരുമ്പോള്‍ സംശയത്തിന്റെ സൂചിമുന ബന്ധപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിലേക്ക്‌ നീങ്ങുക തികച്ചും സ്വാഭാവികം മാത്രമാണ്‌. അതിന്റെ പേരില്‍ സംശയം ഉന്നയിക്കുന്നവര്‍ക്കു നേരെയും അന്വേഷണം ആവശ്യപ്പെടുന്നവര്‍ക്ക്‌ നേരെയും അരിശം കൊള്ളുന്നത്‌ അര്‍ഥശൂന്യവും അപഹാസ്യവുമാണ്‌. പ്രശ്നത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയതിന്റെയും അക്കാര്യം മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയതിന്റെയും പേരില്‍ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും വിചാരണചെയ്യാനും മുന്‍ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും കോണ്‍ഗ്രസ്‌ നേതൃത്വവും നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണ്‌. അവര്‍ ആരോപിക്കുംവിധം എല്‍ഡിഎഫ്‌ ഘടക കക്ഷികളുടെ പ്രാദേശിക നേതൃത്വത്തിന്‌ ശ്രീവല്‍സം ഗ്രൂപ്പിന്റെ അനധികൃത ഇടപാടുകളില്‍ ഏതെങ്കിലും തരത്തിലുള്ള അവിഹിത ബന്ധം ഉണ്ടെങ്കില്‍ സമഗ്രമായ അന്വേഷണത്തിലൂടെ അതും പുറത്തുകൊണ്ടുവരുന്നതിനെ ആരും എതിര്‍ക്കുന്നില്ലെന്നത്‌ ആ നേതാക്കള്‍ ഓര്‍മിക്കുന്നത്‌ നന്നായിരിക്കും.
ശ്രീവല്‍സം സ്ഥാപനങ്ങളുടെ അനധികൃത സ്വത്ത്‌ സമ്പാദനത്തിനെതിരെ യുഡിഎഫ്‌ ഭരണകാലത്ത്‌ പരാതികള്‍ ഉയര്‍ന്നിട്ടും അക്കാര്യങ്ങളില്‍ യാതൊരു അന്വേഷണവും നടന്നതായി കാണുന്നില്ല. ഒരു കോണ്‍ഗ്രസ്‌ നേതാക്കളും അത്തരം അവകാശവാദങ്ങളും ഉന്നയിക്കുന്നില്ല. നാഗാലാന്‍ഡ്‌ പൊലീസിന്റെ ട്രക്കുകളടക്കം വാഹനങ്ങള്‍ ശ്രീവല്‍സം സ്ഥാപനങ്ങളുടെ സ്വകാര്യ ഭൂമിയില്‍ സ്ഥിരമായി വന്നുപോകുകയും അവിടെ യഥേഷ്ടം പാര്‍ക്ക്‌ ചെയ്യുകയും പതിവായിട്ടും അതേപ്പറ്റി അന്വേഷണത്തിന്‌ കേരള പൊലീസോ അന്നത്തെ ഭരണനേതൃത്വമോ യാതൊരു ശ്രമവും നടത്തിയില്ലെന്നത്‌ അവര്‍ നല്‍കിപ്പോന്ന ഒത്താശയുടേയോ അതല്ലെങ്കില്‍ അവരുടെ അറിവോടും സമ്മതത്തോടും നടന്ന ക്രിമിനല്‍ കുറ്റകൃത്യത്തിന്റെയോ തെളിവായി മാത്രമേ കാണാനാവു. ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഒന്നിലധികം സംസ്ഥാനങ്ങളും അവിടങ്ങളിലെ ഭരണകൂടങ്ങളും ഉള്‍പ്പെട്ട വന്‍ പകല്‍ക്കൊള്ളയുടെ കഥകളാണ്‌ ശ്രീവല്‍സം ഗ്രൂപ്പിന്റെ അനധികൃത സ്വത്ത്‌ സമ്പാദനത്തിലൂടെ പുറത്തുവരുന്നത്‌. അതില്‍ സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള സുരക്ഷിതത്വത്തിന്റെ പ്രശ്നം കൂടി ഉള്‍പ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ വസ്തുതകള്‍ എന്തെന്ന്‌ അറിയാനും കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍ നിന്ന്‌ രക്ഷപ്പെടില്ലെന്ന്‌ ഉറപ്പുവരുത്താനും ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. അനുയോജ്യവും സമഗ്രവുമായ അന്വേഷണത്തിലൂടെ മാത്രമേ അതിന്‌ കഴിയു. അഴിമതി പൊതുജീവിതത്തില്‍ നിന്ന്‌ തുടച്ചുനീക്കാന്‍ പ്രതിജ്ഞാബദ്ധമായ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവില്ലെന്ന്‌ ജനം ഉറച്ചുവിശ്വസിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം കോടികളുടെ കള്ളപ്പണം കണ്ടെത്തിയ ശ്രീവത്സം ഗ്രൂപ്പിന് കോണ്‍ഗ്രസ് ബന്ധമുണ്ടെന്ന ആരോപണം സി.ബി.ഐയോ അല്ലെങ്കില്‍ സംസ്ഥാനത്തെ മറ്റ് ഏതെങ്കിലും ഏജന്‍സിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫ് നേതാക്കളെന്നും ഹരിപ്പാട് ഭൂമി വാങ്ങിക്കൂട്ടാന്‍ യുഡിഎഫ് നേതാക്കള്‍ സഹായം ചെയ്തുവെന്നും കഴിഞ്ഞ ദിവസം സിപിഐ നേതാവ് ടി ജെ ആഞ്ചലോസ് ആരോപിച്ചിരുന്നു. ഇതിന് അന്യസംസ്ഥാനങ്ങളില്‍ ബന്ധമുള്ള മുന്‍മന്ത്രിയും സഹായിച്ചുവെന്നും ഭൂമിയിടപാടുകള്‍ക്ക് മുന്‍മന്ത്രി ഇടനിലക്കാരനെപ്പോലെ പ്രവര്‍ത്തിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് അറുതി വരുത്തണമെന്നും അതിനായി സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. രാവിലെ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് മുമ്പ് ആദ്ദേഹം മുഖ്യമന്ത്രിക്ക് കത്തുനല്‍കുകയായിരുന്നു. ഹരിപ്പാട് മെഡിക്കല്‍ കോളേജിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ശ്രീവത്സം ഗ്രൂപ്പിന് ഒരു ബന്ധവുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top