കണ്ണൂര്‍: പേരാവൂരില്‍ ആദിവാസി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശാഭിമാനി ലേഖകന്‍ കഥമെനയുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തായി. ശ്രുതിമോളുടെ ആത്മഹത്യാ കുറിപ്പിലെ ചില വാചകങ്ങള്‍ അടര്‍ത്തിയെടുത്താണ് വാര്‍ത്തയ്ക്ക് പട്ടിണി മരണമെന്ന വാര്‍ത്ത സൃഷ്ടിച്ചത്.
പട്ടിണിയും വിശപ്പും കാരണമാണ് മരിച്ചതെന്നു ശ്രുതിയുടെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു എന്നായിരുന്നു ദേശാഭിമാനി നല്‍കിയ വാര്‍ത്ത. ഈ വാര്‍ത്ത വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായി മാറിയത്. ശ്രുതിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്:
‘ഞാനീ നശിച്ച ലോകത്തുനിന്ന് പോകുവാ. എന്നെ ഇനി നോക്കണ്ട. ഞാന്‍ കണ്ടും കേട്ടും മടുത്തു. ഇപ്പോള്‍ എന്നെ ഉപദ്രവിക്കാനും തുടങ്ങി. ഞാന്‍ ട്യൂഷന്‍ കഴിഞ്ഞു വരുമ്പോള്‍ മടുത്തു തലകറങ്ങിയായിരിക്കും വരിക. ഞാന്‍ സഹിക്കാവുന്നതിലേറെ സഹിച്ചു. ഇനി എനിക്ക് സഹിക്കാന്‍ സാധിക്കില്ല. ഞാന്‍ ട്യൂഷന്‍ വിട്ട് വരുമ്പോള്‍ 12 മണി കഴിയും. എന്നാലോ ഒരു പിടി ചോറുവരെ അച്ഛമ്മ വച്ചിട്ടുണ്ടാവില്ല. എന്നിട്ട് എന്നെയാണ് വഴക്കു പറയുക. ഞാന്‍ രാവിലെ ഏഴു മണിക്കാണ് പോവുക. ഇനി എനിക്ക് ജീവിക്കണ്ട. അതുകൊണ്ട് ഞാന്‍ പോകുന്നു.അമ്മയും എന്റെ അനിയനും എന്നോട് പൊറുക്കണേ.. ഗുഡ്‌ബൈ..”
അവധിക്കാല ക്ലാസിന്റെ ഭാഗമായുള്ള ട്യൂഷന്‍ കഴിഞ്ഞു വരുമ്പോള്‍ അച്ഛമ്മ കാര്യമായ ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ല എന്ന തോന്നലിനെ തുടര്‍ന്നാണ് ശ്രുതി പെട്ടന്നുള്ള തോന്നലില്‍ ആത്മഹത്യ ചെയത്തെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍, കുറിപ്പിലെ ഈ വരികളെ വളച്ചൊടിച്ചാണ് ശ്രുതിയുടെ മരണം പട്ടിണിയെ തുടര്‍ന്നാണെന്ന പ്രചരണം നടന്നത്. സമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ ഇത്തരത്തില്‍ പ്രചാരണം നടന്നിരുന്നു. കഴിഞ്ഞദിവസം ശ്രുതിയുടെ പിതാവ് രവി തന്നെ ഇതു നിഷേധിച്ചു രംഗത്തെത്തിയിരുന്നു.
ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ശ്രുതി തൂങ്ങിമരിച്ച സംഭവത്തില്‍ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ പിന്നോക്കവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമുണ്ടായി. പട്ടിണി മൂലമുള്ള ആത്മഹത്യയല്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. കൂലിപ്പണിയെടുത്തും കൃഷിപ്പണി ചെയ്തും ജീവിക്കുന്ന ശ്രുതിയുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമോ പട്ടിണിമൂലം മരിക്കേണ്ട സാഹചര്യമോ ഇല്ലെന്നാണ് അന്വേഷണത്തില്‍ മനസിലായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മരണസമയത്ത് വീട്ടില്‍ കുട്ടിയുടെ ഇളയച്ഛന്‍ വിജയന്‍, അച്ഛന്റെ അമ്മ ഉപ്പാട്ടി (65) എന്നിവരും ഉണ്ടായിരുന്നു. അച്ഛനും അമ്മയും കൊട്ടിയൂര്‍ പഞ്ചായത്തിലെ പന്ന്യാമലയില്‍ കശുവണ്ടി ശേഖരിക്കുന്നതിനും, കൃഷിപ്പണി ചെയ്ുന്നതയിനും പോയതായിരുന്നു. പന്ന്യാംമലയില്‍ അച്ഛന്‍ രവിക്ക് 10 സെന്റ് സ്ഥലവും വീടും ഉണ്ട്. കേളകം സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ നിന്ന് 9ാം ക്ലാസ് പഠനംകഴിഞ്ഞ് ശ്രുതി വെക്കേഷന്‍ സമയത്ത് കേളകം ടാഗോര്‍ ട്യൂഷന്‍ സെന്ററില്‍ 10ാം ക്ലാസിന് ട്യൂഷന് പോകാറുണ്ടായിരുന്നു.
20 ന് ഉച്ചയ്ക്ക് ട്യൂഷന്‍ കഴിഞ്ഞ് വീടിന് സമീപത്തുള്ള ചെങ്ങോം അംഗന്‍വാടിയില്‍ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന കൗമാരക്കാര്‍ക്കുള്ള ബോധ വല്‍കരണ ക്ലാസിലും പങ്കെടുത്തിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഉച്ചഭക്ഷണം കിട്ടാത്തതിനെത്തുടര്‍ന്ന് അച്ഛമ്മ ഉപ്പാട്ടിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് തൂങ്ങിമരിക്കുകയുമാണുണ്ടായതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ ഉച്ചഭക്ഷണം ഉണ്ടാക്കിയില്ല എന്നത് ശരിയായ വാര്‍ത്ത അല്ല എന്നും കഞ്ഞിയുണ്ടായിരുന്നത് കുട്ടിയോട് കഴിക്കാന്‍ പറഞ്ഞിരുന്നുവെന്നും അത് കഴിക്കാന്‍ കൂട്ടാക്കിയില്ല എന്നുമാണ് വീട്ടുകാരോട് അന്വേഷിച്ച പ്പോള്‍ അറിയാന്‍ സാധിച്ചത്. ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാത്തതില്‍ മുത്തശ്ശിയോട് വഴക്കിട്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.
ശ്രുതിയുടെ അച്ഛന്റെ അമ്മ ഉപ്പാട്ടിക്ക് 2 ഏക്കര്‍ സ്ഥലമുണ്ട്. ഉപ്പാട്ടിക്ക് 6 മക്കളാണുള്ളത്. ശ്രുതിയുടെ അച്ഛന്‍ രവിക്ക് പന്ന്യാംമലയില്‍ സ്വന്തമായുള്ള 10 സെന്റ് സ്ഥലത്തിന് പുറമെ അമ്മയുടെ സ്വത്തിനും അര്‍ഹതയുണ്ട്. ശ്രുതിയുടെ സഹോദരന്‍ അക്ഷയ് കേളകം മഞ്ഞളാപുരം സ്‌ക്കൂളില്‍ 7ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി. ചെങ്ങോം കോളനിയിലെ വീട് ഉപ്പാട്ടിയുടെ പേരിലുള്ളതാണ്. ഉപ്പാട്ടിയുടെ കൂടെയാണ് ശ്രുതിയും അച്ഛനും അമ്മയും സഹോദരനും താമസിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ ശ്രുതിക്കും അനിയനും വേണ്ടി ഒരു സൈക്കിള്‍ വാങ്ങിക്കൊടുത്തിരുന്നു. എല്ലാ സാധനങ്ങളും അനിയനു മാത്രമേ വാങ്ങിക്കൊടുക്കുന്നുള്ളൂ എന്ന് അവള്‍ പരാതി പറയാറുണ്ടായിരുന്നെന്നും രവി പറഞ്ഞു. ആത്മഹത്യ ചെയ്ത ശ്രുതിയുടെ വീട് ആദിവാസി നേതാവ് സി.കെ.ജാനു സന്ദര്‍ശിച്ചു. ശ്രുതി പട്ടിണികാരണമാണ് ആത്മഹത്യ ചെയ്തതെന്ന വാര്‍ത്ത ശരിയല്ലെന്ന് ജാനു പറഞ്ഞു. ഇത്തരം വാര്‍ത്ത നല്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവരും അറിയിച്ചു.