കോഴിക്കോട്: കേരളത്തിലെ ക്യാമ്പസുകളെ ജനാധിപത്യവൽക്കരിക്കാൻ ഫ്രറ്റേണിറ്റി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മുൻ ദേശീയ പ്രസിഡന്റ് അൻസാർ അബൂബക്കർ. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച വടക്കൻ മേഖല ക്യാമ്പസ് ലീഡേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും സാമൂഹ്യനീതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഫ്രറ്റേണിറ്റിയുടെ സാഹോദര്യ രാഷ്ട്രീയത്തിനു മാത്രമേ കേരളത്തിലെ ക്യാമ്പസുകളിൽ ഭാവിയിൽ നിലനിൽപ്പുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു ദിവസമായി കുറ്റ്യാടി ഐഡിയൽ കോളേജിൽ നടന്നു വരുന്ന വടക്കൻ മേഖല ക്യാമ്പസ് ലീഡേഴ്‌സ് മീറ്റിൽ വിത്യസ്ത സെഷനുകളിലായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ, സമർ അലി, ഷിയാസ് പെരുമാതുറ, സൂപ്പി കുറ്റ്യാടി, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. കെ അഷ്‌റഫ്, അർച്ചന പ്രജിത്, വൈസ് പ്രസിഡന്റ് കെ. എം ഷെഫ്രിൻ, മഹേഷ് തോന്നക്കൽ, ഫയാസ് ഹബീബ്, ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ എന്നിവർ സംസാരിച്ചു. കാൽപനികതയുടെ പഴങ്കഥകളല്ല, നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ എന്ന തലക്കെട്ടിലാണ് ക്യാമ്പസ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നായി നൂറു കണക്കിന് വിദ്യാർത്ഥി പ്രധിനിധികൾ പരിപാടിയിൽ പങ്കെടുത്തു.