തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മികച്ച നടനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സജീവം. പുലിമുരുകനിലെ പ്രകടനത്തിന് മോഹന്‍ലാലും കമ്മട്ടിപാടത്തിലെ അഭിനയത്തിന് വിനായകനുമാണ് അവസാന ഘട്ടത്തില്‍ മത്സര രംഗത്തുണ്ടായിരുന്നത്. ഏഷ്യനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കുന്ന സൂചന മികച്ച നടനായി വിനായകനെ തിരഞ്ഞെടുത്തുവെന്നാണ്.
2016 ലെ മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് മാന്‍ഹോളിനാകുമെന്ന് സൂചനകളുണ്ട്. ഇന്ന് വൈകിട്ടാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം പിന്നെയും, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കി, നവാഗതയായ വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ 2016ലെ മികച്ച ചിത്രമാകുമെന്നാണ് സൂചന.
2016ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മാന്‍ഹോള്‍ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം നേടിയിരുന്നു. ഇതേ ചിത്രത്തിന് വിധു വിന്‍സെന്റ് മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടതായാണ് അറിയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെയും മണികണ്ഠന്റെയും കമ്മട്ടിപ്പാടത്തിലെ മികച്ച പ്രകടനത്തോട് മത്സരിച്ച് വിനായകന്‍ മികച്ചനടനായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് അറിയുന്നു.
ഒപ്പത്തിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ മോഹന്‍ലാലും മികച്ച നടനുള്ള പരിഗണനാപട്ടികയില്‍ അവസാന റൗണ്ട് വരെയുണ്ടായിരുന്നു.
സംഗീത വിഭാഗത്തിലെ മൂന്ന് പുരസ്‌കാരങ്ങള്‍ വിനോദ് മങ്കര സംവിധാനം ചെയ്ത കാംബോജിക്ക് ലഭിച്ചുവെന്നാണ് അറിയുന്നത്. സംഗീത സംവിധാനത്തിന് എം ജയചന്ദ്രനും ഗാനരചനയ്ക്ക് ഒഎന്‍വിക്കും ഗായികയ്ക്കുള്ള പുരസ്‌കാരം കെഎസ് ചിത്രയും നേടുമെന്നാണ് സൂചന. ഒഡീഷ സംവിധായകന്‍ എകെ ബീര്‍ അധ്യക്ഷനായ 10 അംഗ ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്