കണ്‍സ്യൂമര്‍ഫെഡ് എംഡി നിയമനം; ഡോ. കെ. എ രതീഷിനെ നിയമിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിന്‍റെ അനുമതി തേടി

തിരുവനന്തപുരം∙ കശുവണ്ടി അഴിമതിക്കേസില്‍ ആരോപണ വിധേയനായ ഡോ. കെ. എ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയാക്കാന്‍ നീക്കം. സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയാണ് ഡോ കെ എ രതീഷ്. കഴിഞ്ഞദിവസം സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്‍റണി നടത്തിയ അഭിമുഖത്തിൽ പങ്കെടുത്ത രതീഷിനെ നിയമിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിന്‍റെ അനുമതി തേടിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡിയായിരിക്കെ കോടികള്‍ നഷ്ടം വരുത്തിയെന്നായിരുന്നു രതീഷിനെതിരായ ആരോപണം.

നിലവില്‍ കണ്‍സ്യൂമര്‍ഫെഡ് എംഡിയായ ആര്‍. സുകേശന്‍ സ്ഥാനമൊഴിയാന്‍ താല്‍പര്യം അറിയിച്ചതോടെയാണ് കെ.എ. രതീഷിനെ തല്‍സ്ഥാനത്തേക്ക് എത്തിക്കാന്‍ നീക്കം തുടങ്ങിയത്. ഇത് സംബന്ധിച്ച് കഴിഞ്ഞമാസം 18ന് മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. 14 പേര്‍ അപേക്ഷിച്ചതില്‍ രതീഷ് ഉള്‍പ്പടെ അഞ്ചുപേരാണ് അന്തിമപട്ടികയില്‍ ഇടം നേടിയത്. പട്ടികയില്‍ ഉള്‍പ്പെട്ട എസ്.രത്നാകരന്‍ കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡിയും കെ.തുളസീധരൻ നായര്‍ ജനറല്‍ മാനേജരും കെ. വേണുഗോപാല്‍ സപ്ലൈകോയുടെ മുന്‍ ജനറല്‍ മാനേജരുമാണ്. പരിചയസമ്പന്നരായ ഇവരെ ഒഴിവാക്കിയാണ് കെ.എ രതീഷിനെ തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ അനുമതി തേടിയത്. വിജിലന്‍സിന്‍റെ അനുമതി ലഭിച്ചാല്‍ രതീഷ് കണ്‍സ്യൂമര്‍ഫെഡ് എംഡിയാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കശുവണ്ടി അഴിമതിക്കേസില്‍ രതീഷിനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപടിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയും നിലവിലുണ്ട്. മാത്രമല്ല, സിബിഐ അന്വേഷണം തുടരുകയുമാണ്. അങ്ങനെയുള്ള ഒരാള്‍ കണ്‍സ്യൂമര്‍ഫെ‍ഡിന്‍റെ എംഡി തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്തത് ഉന്നതരാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്നത് വ്യക്തം. നിലവില്‍ വ്യവസായ വകുപ്പിന് കീഴിലെ വ്യവസായ സംരംഭക വികസന സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് രതീഷ്. നിയമന മാനദണ്ഡങ്ങളിലും കണ്‍സ്യൂമര്‍ഫെഡ് കഴിഞ്ഞദിവസം ഇളവ് വരുത്തിയിരുന്നു.

Top