കൊറിയര്‍ സര്‍വീസുകള്‍ മുഖേന മയക്കുമരുന്നു കടത്തെന്ന് കേരള പോലീസ് .ഉടമകളെ പ്രതിയാക്കും

തിരുവനന്തപൂരം :കൊറിയര്‍ സര്‍വീസുകള്‍ മുഖേന വ്യാപകമായ മയക്കുമരുന്നു കച്ചവടം നടക്കുന്നതായി പോലീസ് .കൊറിയര്‍ സ്ഥാപനങ്ങളുടെ ഉടമകളെ പ്രതിയാക്കി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കേരളത്തില്‍ കൊറിയര്‍ സര്‍വീസുകള്‍ മുഖേന തപാലുകള്‍ അയയ്ക്കുന്ന കമ്പനികള്‍ക്ക് നല്‍കാനായി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നല്‍കിയിട്ടുണ്ട്.

മയക്കുമരുുന്നുകള്‍ അടക്കമുള്ള പല നിരോധിത വസ്തുക്കളും കൊറിയര്‍ സര്‍വീസുകള്‍ വഴി കടത്തപ്പെടുന്നതായി വിവരങ്ങള്‍ വരുന്നുണ്ട്. സി.ആര്‍.പി.സി 149 ാം വകുപ്പ് പ്രകാരം കൊഗ്നൈസബിള്‍ ആയിട്ടുള്ള കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി തടയുന്നതിന് വേണ്ട നടപടികള്‍ എടുക്കുവാന്‍ പോലീസിന് അധികാരം നല്കി യിട്ടുണ്ട്. കൊറിയര്‍ സര്‍വീസുകള്‍ അറിഞ്ഞോ, അറിയാതെയോ നടത്തുന്ന അനധികൃത വസ്തുക്കളുടെയും, മയക്കുമരുന്നുകളുടെയും വ്യാപനം സമൂഹത്തിന് വലിയ ഭീഷണി ആയികൊണ്ടിരിക്കുകയാണ്. ആയതിനാല്‍ എല്ലാ കൊറിയര്‍ സര്‍വീസുകളും, മയക്കുമരുന്നുകള്‍, മറ്റ് അനധികൃത വസ്തുക്കള്‍ കടത്തുന്നത് കണ്ടുപിടിക്കുന്നതിനാവശ്യമായ സ്‌കാനറുകള്‍ സ്ഥാപിക്കുകയും ഇത്തരം അനധികൃത വസ്തുക്കള്‍, പ്രത്യേകിച്ചും മയക്കുമരുന്നുകള്‍ തങ്ങളുടെ കൊറിയര്‍ സര്‍വീസുകള്‍ മുഖേന കടത്തപ്പെടുന്നില്ലായെന്ന്‍ഉറപ്പാക്കേണ്ടതുമാണ്. സ്‌കാനിംഗ് നടത്തുമ്പോള്‍ ഇത്തരം വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ ആയത് പോലീസിനെയോ, മയക്കുമരുന്നുകള്‍ കണ്ടെത്തി നടപടികള്‍ എടുക്കുവാന്‍ അധികാരമുള്ള എക്‌സൈസ് പോലുള്ള വിഭാഗങ്ങളെയോ ഉടനടി അറിയിക്കേണ്ടതാണ്. സ്‌കാനറുകളും മറ്റും സ്ഥാപിക്കാതെ തങ്ങളുടെ അനാസ്ഥമൂലമോ, അതല്ലാതെ അറിഞ്ഞോ തന്നെ മയക്കുമരുന്നുകള്‍ കടത്തുന്നതായി കൊറിയര്‍ സര്‍വീസുകള്‍ക്കെതിരെ കേസുകള്‍ എടുക്കേണ്ടി വന്നാല്‍ പ്രസ്തുത കൊറിയര്‍ കമ്പനികളുടെ സിഎംഡി/എംഡി/ഡയറക്‌ടേഴ്‌സ് എന്നിവരെ കുറ്റകൃത്യത്തില്‍ പ്രതികളാക്കി കേസ് എടുക്കുന്നതാണ്. ഇക്കാര്യം എല്ലാ ജില്ലാ പോലീസ് മേധാവികളും തങ്ങളുടെ അധികാരപരിധിയിലുള്ള കൊറിയര്‍ സര്‍വീസുകളെ ഉചിതമാര്‍ഗേന അറിയിക്കേണ്ടതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top