സൂറിച്ച്: ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്ററെ 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് നടപടി. ഫിഫ എത്തിക്‌സ് കമ്മിറ്റിയാണ് ബ്ലാറ്ററെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സ്വിസ് അന്വേഷണ സംഘം ഫിഫ ആസ്ഥാനത്ത് നടത്തിയ പരിശോധനകളും ബ്ലാറ്റര്‍ക്കെതിരെ ആരംഭിച്ച ക്രിമിനല്‍ നടപടികളുടെയും പശ്ചാത്തലത്തിലാണ് എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം.
ബ്ലാറ്റര്‍ സ്ഥാനം ഒഴിയണമെന്ന് പ്രധാന സ്‌പോണ്‍സര്‍മാരായ കൊക്കക്കോളയും മക്‌ഡൊണാള്‍ഡും ആവശ്യപ്പെട്ടിരുന്നു. സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നായിരുന്നു ബ്ലാറ്ററുടെ പ്രതികരണം.കഴിഞ്ഞമാസം അധികാര ദുര്‍വിനിയോഗം, ഫണ്ട് തിരിമറി എന്നിവയില്‍ സ്വിസ് അന്വേഷണസംഘം ബ്ലാറ്ററെയും പ്ലാറ്റീനിയെയും ചോദ്യം ചെയ്തിരുന്നു. ഫിഫ ആസ്ഥാനത്തുനിന്ന് രേഖകളും സംഘം പിടിച്ചെടുത്തിരുന്നു.