കോട്ടയം: മുന്‍ കടുത്തുരുത്തി എംഎല്‍എയും കേരള കോണ്‍ഗ്രസ് നേതാവുമായ സ്റ്റീഫന്‍ ജോര്‍ജ് വീണ്ടും മാണി ഗ്രൂപ്പിലേയ്‌ക്കെത്തുന്നു. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണി രാജിവച്ചതിനു പിന്നാലെയാണ് സ്റ്റീഫന്‍ ജോര്‍ജ് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.
കടുത്തുരുത്തി സീറ്റില്‍ മോന്‍സ് ജോസഫിനെതിരെ നിരന്തരം മത്സരിക്കുന്ന സ്റ്റീഫന്‍ ജോര്‍ജ് ഇപ്പോള്‍ മാണി പക്ഷത്തോടൊപ്പം ചേര്‍ന്നത് അടുത്ത തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി സീറ്റ് ലക്ഷ്യം വച്ചാണ് ഇപ്പോള്‍ പാര്‍ട്ടി മാറിയത്. ബാര്‍ കോഴയില്‍ മാണിയുടെ രാജിയുടെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി പാര്‍ട്ടിയുടെ പിളര്‍പ്പിനു കാരണമാകുമെന്നാണ് സൂചന. ഇങ്ങനെ വന്നാല്‍ ജോസഫ് വിഭാഗം ഇടതു മുന്നണിയിലേയ്ക്കു ചേക്കേറുമെന്നും സ്റ്റീഫന്‍ ജോര്‍ജിനോടു അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
ഈ സാഹചര്യത്തില്‍ മോന്‍സ് ജോസഫ് തന്നെയാവും കടുത്തുരുത്തിയില്‍ ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥി. ഇങ്ങനെ വന്നാല്‍ ഇപ്പോള്‍ കേരള കോണ്‍ഗ്രസിനൊപ്പം കൂടിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ സ്ഥാനാര്‍ഥിയാകാമെന്നാണ് സ്റ്റീഫന്‍ ജോര്‍ജ് കണക്കു കൂട്ടുന്നത്. ഇതിനുള്ള തയ്യാറെടുപ്പോടെയാണ് ഇപ്പോള്‍ ഇദ്ദേഹം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ഭാഗമായിരിക്കുന്നതെന്നാണ് സൂചന.