മനുഷ്യവംശത്തിന്റെ നാശം…ലോകത്തെ നശിപ്പിക്കുന്ന അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക്

സ്വന്തം ലേഖകന്‍

ലണ്ടന്‍ :മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകുന്ന അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് എത്തുന്നതായി മുന്നറിയിപ്പ് .വിഖ്യാതശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അടുത്തിടെയാണ് ശാസ്ത്രലോകത്തിനു മുന്നറിയിപ്പു നല്‍കിയത്: ‘അന്യഗ്രഹങ്ങളില്‍ നിന്നോ ബഹിരാകാശത്തു നിന്നോ വരുന്ന അജ്ഞാത സിഗ്നലുകളോടൊന്നും പ്രതികരിക്കാന്‍ നിന്നേക്കരുത്. അത് മനുഷ്യവംശത്തിന്റെ നാശത്തിനു തന്നെ കാരണമാകും. അഥവാ പ്രതികരിച്ചാല്‍ തന്നെ മറുപടി എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തികച്ചും ജാഗരൂകരായിരിക്കുകയും വേണം’. ക്രിസ്റ്റഫര്‍ കൊളംബസിനെ സ്വീകരിച്ചാനയിച്ച തദ്ദേശീയരായ അമേരിക്കക്കാരോടാണ് ഇക്കാര്യത്തില്‍ മനുഷ്യരെ ഹോക്കിങ് ഉപമിച്ചത്. അതായത് വിരുന്നു വന്നവര്‍ വീട്ടുകാരാകുമെന്നര്‍ഥം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തിയാല്‍ അവ ഓരോരുത്തരെയായി കൊന്നൊടുക്കാന്‍ നില്‍ക്കില്ല. മറിച്ച് സര്‍വനശീകരണമായിരിക്കും അവരുടെ രീതി. കാരണം, മനുഷ്യന് ബാക്ടീരിയയോടു തോന്നുന്ന അതേ നിസ്സാരതയായിരിക്കും അന്യഗ്രഹജീവികള്‍ക്ക് മനുഷ്യനോടുണ്ടാകുക. അവര്‍ നമ്മളെപ്പറ്റി ചിന്തിക്കുക കൂടിയില്ലെന്നും നശീകരണം മാത്രമായിരിക്കും ലക്ഷ്യമെന്നും ഹോക്കിങ് പറഞ്ഞുവച്ചു. പക്ഷേ ഇതൊന്നും കേള്‍ക്കാന്‍ ഗവേഷകര്‍ തയാറല്ല. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അന്യഗ്രഹജീവികളുമായി ‘സിഗ്നല്‍ ബന്ധം’ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഇതിനു വേണ്ടി മെറ്റി (മെസേജിങ് എക്സ്ട്രാടെറസ്ട്രിയല്‍ ഇന്റലിജന്റ്സ്) എന്ന പ്രോജക്ടും അവര്‍ തയാറാക്കി. 2018ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണു ശ്രമം. അതിനു വേണ്ടി ക്രൗഡ് സോഴ്സിങ്ങിലൂടെ ഉള്‍പ്പെടെ ധനശേഖരണവും ആരംഭിക്കാനൊരുങ്ങുകയാണ്.stephan
സൗരയൂഥത്തിന് ഏറ്റവും അടുത്തായി ഭൂമിയോട് ഏറെ സാമ്യമുള്ള ഗ്രഹമൊന്നുണ്ട്-പ്രോക്സിമ ബി. പ്രോക്സിമ സെന്റൗറി എന്ന നക്ഷത്രത്തെയാണ് ഇത് വലംവയ്ക്കുന്നത്. ജലത്തിന്റെ സാന്നിധ്യം ഉള്‍പ്പെടെ പ്രതീക്ഷിക്കുന്നുണ്ട് പ്രോക്സിമ-ബി ഗ്രഹത്തില്‍. ഇവിടേക്ക് സിഗ്നലുകള്‍ അയക്കാനാണ് മെറ്റി പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പക്ഷേ അതീവശക്തിയുള്ള ട്രാന്‍സ്മിറ്ററുകള്‍ തയാറാക്കേണ്ടതുണ്ട്. ഒന്നുകില്‍ വാങ്ങുകയോ അല്ലെങ്കില്‍ നിര്‍മിച്ചെടുക്കുകയോ എന്നതാണു ലക്ഷ്യം. 10 ലക്ഷം ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അയക്കേണ്ട മെസേജ് എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ചും ഗവേഷണം നടക്കുകയാണ്. വാനശാസ്ത്രത്തിലെയും ഗണിതശാസ്ത്രത്തിലെയും അടിസ്ഥാനതത്വങ്ങള്‍ േചര്‍ത്തുള്ള സന്ദേശങ്ങളാണ് പരിഗണനയിലുള്ളത്.

ബഹിരാകാശത്തിലേക്ക് ഇന്നേവരെ അയച്ചതില്‍ ഏറ്റവും ദൂരേക്ക് അയക്കുന്ന സന്ദേശവുമായിരിക്കും ഇത്. 4.25 പ്രകാശവര്‍ഷം അകലെയാണ് പ്രോക്സിമ-ബിയുള്ളത്. നേരത്തെ നാസയുടെ സൈക്ലോപ്സ് എന്ന പ്രോജക്ടും ഇത്തരത്തില്‍ നടപ്പാക്കിയിരുന്നു. പക്ഷേ 1970കളില്‍ പണത്തിന്റെ അപര്യാപ്തത കാരണം പദ്ധതി നിര്‍ത്തലാക്കി. ബഹിരാകാശത്തില്‍ 1000 പ്രകാശ വര്‍ഷം വരെ സഞ്ചരിക്കാവുന്ന സിഗ്നലുകള്‍ അയക്കാനുള്ള സംവിധാനമൊരുക്കുകയായിരുന്നു സൈക്ലോപ്സിന്റെ ലക്ഷ്യം. മെറ്റി വഴി ഏറ്റവും ദൂരേക്ക് സിഗ്നലുകള്‍ അയക്കുക എന്നതുമാത്രമല്ല തുടര്‍ച്ചയായി സന്ദേശങ്ങളയയ്ക്കുക എന്ന ലക്ഷ്യവുമുണ്ട്. ഇക്കാര്യം മോണിറ്റര്‍ ചെയ്യാനുമുണ്ടാകും സൗകര്യം.
1972ല്‍ നാസയുടെ പയനിയര്‍ 10 മിഷനിലും 1973ല്‍ പയനിയര്‍ 11ലും അന്യഗ്രഹജീവികള്‍ക്കുള്ള സന്ദേശങ്ങള്‍ രേഖപ്പെടുത്തി അയച്ചിരുന്നു. ലോഹഫലകങ്ങളില്‍ നഗ്നരായ സ്ത്രീയുടെയും പുരുഷന്റെയും ചിത്രത്തോടൊപ്പം പയനിയര്‍ പേടകത്തിന്റെ നിര്‍മാണം സംബന്ധിച്ച സൂചനകളും നല്‍കിയിരുന്നു. ഇരുപേടകങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടെങ്കിലും ഇവ ഇപ്പോഴും കാണാമറയത്തുണ്ട്. സൗരവാതത്തില്‍ നിന്നും പൊടിയില്‍ നിന്നുമുള്‍പ്പെടെ സംരക്ഷണം നല്‍കും വിധത്തിലാണ് ഫലകങ്ങള്‍ തയാറാക്കിയിരിക്കുന്നതും. എന്തായാലും അന്യഗ്രഹജീവികള്‍ ഇങ്ങോട്ട് സന്ദേശമയയ്ക്കും മുന്‍പ് അവരെ അങ്ങോട്ട് ബന്ധപ്പെട്ട് ‘സ്മാര്‍ട്’ ആകാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെറ്റി ഗവേഷകര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

Top