കേംബ്രിഡ്ജ് : ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്. നാഡീ കോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്) എന്ന അസുഖബാധിതനായിരുന്നു.
അദ്ദേഹം വളരെ വലിയൊരു ശാസ്ത്രഞ്ജനും അസാമാന്യ വ്യക്തിത്വത്തിനുടമയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പാരമ്പര്യവും വര്‍ഷങ്ങളോളം നിലനില്‍ക്കും. എന്നന്നേക്കും അദ്ദേഹം ഞങ്ങളുടെ ഓര്‍മയിലുണ്ടാകുമെന്നും മക്കള്‍ വ്യക്തമാക്കി.
യുകെയിലെ ഓക്‌സ്ഫഡില്‍ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായി 1942 ജനുവരി എട്ടിനായിരുന്നു ജനനം. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനു ശേഷം കേംബ്രിജില്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ 1962ലാണ് അമയോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന അസുഖം ബാധിച്ചതായി കണ്ടെത്തിയത്. രണ്ടുവര്‍ഷത്തെ ആയുസ്സുമാത്രമാണ് ഡോക്ടര്‍മാര്‍ വിധിച്ചിരുന്നതെങ്കിലും ഏഴുപത്തിയാറു വയസ്സുവരെ ജീവിച്ചു.
‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം)’ എന്ന ഗ്രന്ഥത്തിലൂടെ ലോകപ്രശസ്തനായി. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ശ്രദ്ധേയനായി. ‘തിയറി ഓഫ് എവരിതിങ്’ എന്ന പേരില്‍ പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനു ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗല്‍ഭമായ മസ്തിഷ്‌കത്തിന്റെ ഉടമയെന്ന പേരിനും സ്റ്റീഫന്‍ ഹോക്കിങ് അര്‍ഹനായി.
The Universe in a Nutshell, മകള്‍ ലൂസിയുമായി ചേര്‍ന്നു കുട്ടികള്‍ക്കായി അദ്ദേഹം എഴുതിയ ‘George’s Secret Key to The Universe, ദ് ഗ്രാന്‍ഡ് ഡിസൈന്‍, ബ്ലാക്ക് ഹോള്‍സ് ആന്‍ഡ് ബേബി യൂണിവേഴ്‌സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്‌സ്, മൈ ബ്രീഫ് ഹിസ്റ്ററി തുടങ്ങിയവയും വായിച്ചിരിക്കേണ്ടതാണ്. ജി.എഫ്.ആര്‍.എല്ലിസുമായി ചേര്‍ന്ന് എഴുതിയ ‘ലാര്‍ജ് സ്‌കെയില്‍ സ്ട്രക്ചര്‍ ഓഫ് സ്‌പേസ് ടൈം’, ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ ‘ജനറല്‍ റിലേറ്റിവിറ്റി’ എന്നിവയാണു മറ്റു പ്രധാന രചനകള്‍.