കൊടുങ്കാറ്റില്‍ അകപ്പെട വിമാനം എങ്ങിനെയാണ് അതിനെ മറികടക്കുന്നത്…..? കഴിഞ്ഞ ദിവസമുണ്ടായ ആന്‍ഗുസ് കൊടുങ്കാറ്റില്‍ പെട്ട എമിറേറ്റ്‌സിന്റെ എ 380 വിമാനവും അത്തരത്തിലൊരു പ്രതിസന്ധിയില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ആംസ്ട്രര്‍ഡാമിലെ സ്‌കിഫോല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങവെയാണ് വിമാനം കാറ്റില്‍ പെട്ട് പോയത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ പാട് പെട്ട് വിമാനത്തെ പൈലറ്റ് സൈഡ് വേ വഴി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു. ഇതിന്റെ പേടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ യാത്രാവിമാനത്തില്‍ 615 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. വിമാനം കാറ്റില്‍ നിന്നും എങ്ങനെയോ രക്ഷപ്പെട്ട് സൈഡ് വേ വഴി റണ്‍വേയിലേക്കെത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രത്യേക ക്രാബ് ലാന്‍ഡിങ് ടെക്‌നിക്കാണ് പൈലറ്റ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ജെറി താഹ പ്രൊഡക്ഷന്‍സാണ് ഞായറാഴ്ചയുണ്ടായ സംഭവത്തിന്റെ പേടിപ്പെടുത്തുന്ന ഫൂട്ടേജ് പകര്‍ത്തിയിരിക്കുന്നത്. വിമാനത്തിന്റെ ഓട്ടോമാറ്റിക് പൈലറ്റിന്റെ കഴിവുകള്‍ക്കുപരിയായി കടുത്തരീതിയിലുള്ള കാറ്റുകള്‍ അഥവാ ക്രോസ് വിന്‍ഡുകളോ കുലുക്കമോ ഉണ്ടാകുമ്പോള്‍ പൈലറ്റുമാര്‍ വിമാനങ്ങളെ സുരക്ഷിതമായിറക്കാന്‍ പയറ്റുന്ന തന്ത്രമാണ് ക്രാബ് ലാന്‍ഡിംഗെന്നാണ് ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ പ്രതിനിധിയായ സ്റ്റീവന്‍ ഡ്രാപര്‍ വിവരിക്കുന്നത്
ഇത്തരത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ പൈലറ്റ് സമ്മര്‍ദത്തെ അതിജീവിച്ച് മനോബലം വീണ്ടെടുക്കേണ്ടതുണ്ട്. വിമാനമിറക്കാനുള്ള കഴിവുകളെ വികസിപ്പിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ക്രോസ് വിന്‍ഡുകള്‍ മിക്കവാറും എല്ലാ ദിവസവും വിമാനങ്ങള്‍ അഭിമുഖീകരിക്കാറുണ്ടെന്നും അവ അപകടകരമാണെന്നുമാണ് യുകെ ഫ്‌ലൈറ്റ് സേഫ്റ്റി കമ്മിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവായ ഡായ് വിറ്റിന്‍ഗ്ഹാം പ്രതികരിക്കുന്നത്. ഞായറാഴ്ച എമിറേറ്റ്‌സ് വിമാനം ആംസ്ട്രര്‍ഡാമില്‍ ഇറക്കാന്‍ കാറ്റ് തടസം സൃഷ്ടിച്ചപ്പോള്‍ വിമാനത്തിന്റെ ഇരു പൈലറ്റുകളും ഈ സന്ദര്‍ഭത്തെ നേരിടാന്‍ ജാഗരൂകരായിരുന്നു. കാറ്റ് തങ്ങളില്‍ നിന്നും വിമാനത്തിന്റെ നിയന്ത്രണം കവരാതിരിക്കാന്‍ അവര്‍ നടപടികളെടുക്കുകയും ചെയ്തിരുന്നു.
https://youtu.be/qftSevNDphw