ആലപ്പുഴ: പരിമിതികളെ അതിജീവിച്ച് ഈ കൊച്ചുമിടുക്കി നേടിയത് അടിപൊളി വിജയം. താമരക്കുളം വിവിഎച്ച്എസ്എസിലെ ക്ലാസ് മുറിയില്‍ കാലിലെ വിരലുകള്‍ക്കിടയില്‍ പേന ചേര്‍ത്തുവെച്ച് പത്താംതരം പരീക്ഷയെഴുതിയ കണ്‍മണിയെന്ന കൊച്ചുമിടുക്കിയാണ് നാടിന്റെ അഭിമാനമാകുന്നത്. 9 എ പ്ലസ്. ഒന്നിന് ബി പ്ലസും. അങ്ങനെ പത്താംതരത്തില്‍ ഉന്നത വിജയം നേടുകയാണ് മാവേലിക്കരയുടെ കണ്‍മണി.
വടിവൊത്ത കാലക്ഷരങ്ങള്‍കൊണ്ട് മൂന്നുഭാഷകളില്‍ മറ്റുള്ളവരേക്കാള്‍ അനായാസം എഴുതാന്‍ അവള്‍ക്കിന്നു കഴിയുന്നു. എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന ഈ സമയത്തും ഭിന്നശേഷിക്കാര്‍ക്കായി അനുവദിക്കുന്ന അധിക സമയവും, സഹായിയേയും അവള്‍ വേണ്ടെന്നുവച്ചു. ആന്‍ ഫ്രാങ്കിന്റെ ജീവിതകഥ, ഹെലന്‍ കെല്ലറുടെ അതിസാഹസികത, തുടങ്ങി നൂറിലധികം പുസ്തകങ്ങളാണ് കണ്‍മണിയുടെ കരുത്ത്. കാലുകൊണ്ട് കമ്പ്യൂട്ടറില്‍ ചിത്രം വരയ്ക്കുന്നതിനും, വേഗത്തില്‍ ടൈപ്പ് ചെയ്യുന്നതിനും കഴിയും.മൊബൈല്‍ ഫോണിലൂടെ സോഷ്യല്‍ മീഡയിയിലും സജീവം. ഈ മിടുക്കിയുടെ പത്താംതരത്തിലെ നേട്ടത്തില്‍ മാവേലിക്കരയും ആവേശത്തിലാണ്.
മാവേലിക്കര തഴക്കര അറുനൂറ്റിമംഗലം അഷ്ടപദിയില്‍ ശശികുമാറിന്റേയും രേഖയുടേയും മകള്‍ അങ്ങനെ വീണ്ടും താരമാകുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആദ്യത്തെ കണ്‍മണി പിറന്നത്. ഇരു കൈകളുമില്ലാത്ത വളര്‍ച്ചയെത്താത്ത കാലുകളോടുകൂടിയ ഒരു പെണ്‍കുഞ്ഞ്. പിന്നെ അവള്‍ക്ക് വേണ്ടിയുള്ളതായി ശശി കുമാറിന്റേയും രേഖയുടേയും ജീവിതം. മകള്‍ക്ക് ശാരീരിക പരിമിതിയുണ്ടെന്ന് രേഖ ഒരിക്കലും ചിന്തിച്ചിട്ടില്ല. തന്റെ പരിമിതികള്‍ മറ്റുള്ളവരുടെ സഹതാപമായി മാറാന്‍ കണ്‍മണിയും ആഗ്രഹിച്ചിട്ടില്ല. അങ്ങനെ സ്‌കൂളിലും കണ്‍മണി മിടുക്കിയായി. പാട്ടിലെ കലയിലുമെല്ലാം പ്രതിഭകാട്ടി.
കുട്ടിക്കാലം മുതല്‍ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുവാന്‍ അമ്മ പരിശീലിപ്പിച്ചു. ദൈനംദിന കാര്യങ്ങള്‍ക്കായി മകള്‍ ആരുടെയെങ്കിലും സഹായം തേടാതെ മുന്നോട്ട് പോയി. കണ്ണെഴുതുന്നതിനും, തലമുടി ചീകുന്നതിനും, പൊട്ടു തൊടുന്നതിനും അവള്‍ ആരുടേയും സഹായം തേടിയില്ല. കണ്‍മണിക്ക് അഞ്ചു വയസായപ്പോള്‍ അവളെയും കൂട്ടി ആ അമ്മ പോകാത്ത സ്‌കൂളുകളില്ല. ഭിന്നശേഷിയുള്ള കുട്ടിയെ മറ്റുള്ളവര്‍ക്കൊപ്പം പഠിപ്പിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നായിരുന്നു അദ്ധ്യാപകരുടെയെല്ലാം മറുപടി. കണ്‍മണിയെ ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അപ്പോഴും അച്ഛനും അമ്മയും തയ്യാറായിരുന്നില്ല. ഈ തീരുമാനത്തിന്റെ വിജയം കൂടിയാണ് പത്താംതരത്തിലെ കണ്‍മണിയുടെ നേട്ടം. അച്ഛന്‍ ശശികുമാറിന് വിദേശത്താണ് ജോലി. അതുകൊണ്ട് തന്നെ എല്ലാ അമ്മ രേഖ നോക്കുന്നു. സഹായത്തിന് അനുജനുമുണ്ട്.
വീടിനടുത്തുള്ള ചെറുപുഷ്പം നേഴ്‌സറി സ്‌കൂളിലെ ലാലമ്മ ടീച്ചര്‍ കണ്‍മണിയുടെ അദ്ധ്യാപന ചുമതല ഏറ്റെടുത്ത് ആദ്യ ഗുരുവായി. സ്വാധീനമുള്ള ഇടതുകാല്‍ വിരലിലേക്ക് പെന്‍സില്‍ ചേര്‍ത്തുവെച്ചു കൊടുത്ത് സ്ലേറ്റില്‍ ആദ്യ അക്ഷരം എഴുതിപ്പിച്ചത് ലാലമ്മ ടീച്ചറാണ്. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം അഞ്ചാം ക്ലാസ് മുതല്‍ താമരക്കുളം വിവിഎച്ച്എസ്എസില്‍ പഠനം ആരംഭിച്ചു. കലാപരമായി പ്രോല്‍സാഹനം നല്‍കുന്ന വിദ്യാലയമായതിനാല്‍ വീട്ടില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും അവിടെ തന്നെ പഠിക്കാന്‍ തീരുമാനിച്ചു. പ്രതിസന്ധിയില്‍ തളരാതെ മുന്നേറുന്ന വിദ്യാര്‍ത്ഥിനിക്ക് പരിപൂര്‍ണ്ണ പിന്തുണയാണ് അദ്ധ്യാപകരില്‍ നിന്നും ലഭിച്ചത്.
സ്‌കൂട്ടറിനും മുന്നില്‍ ബെല്‍റ്റുകൊണ്ട് മുറുക്കി വളരെ പ്രയാസപ്പെട്ടാണ് ആദ്യകാലങ്ങളില്‍ കണ്‍മണിയെ അമ്മ സ്‌കൂളില്‍ എത്തിച്ചിരുന്നത്.സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപികയായ ബിന്ദു ടീച്ചര്‍ സ്വന്തമായി കാര്‍ ഓടിക്കാന്‍ പഠിച്ചതിനും ലൈസന്‍സ് എടുക്കാന്‍ കാരണമായതും ഈ കാഴ്ചയായിരുന്നു. കണ്‍മണിയെ സ്‌കൂളില്‍ കൊണ്ടുവരാനായി കാര്‍ ഓടിക്കാന്‍ പഠിച്ച ടീച്ചര്‍ പിന്നീടങ്ങോട്ട് അവളുടെ സാരഥിയായി. കണ്‍മണിയുടെ ബുദ്ധിമുട്ടു കണ്ടറിഞ്ഞ തഴക്കര പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് സ്വന്തമായി കാര്‍ വാങ്ങി നല്‍കിയത് കണ്‍മണിക്ക് കൂടുതല്‍ സഹായകരമായി മാറി.
പിന്നെ സംഗീത പഠനം. സ്‌കൂളിലെ വീണ ടീച്ചറും, സുഗതന്‍ മാഷും പിന്തുണയുമായെത്തി. വര്‍ക്കല സി എസ് ജയറാം മാസ്റ്ററായിരുന്നു ഗുരു. പത്ത് വര്‍ഷമായി സംഗീതം അഭ്യസിക്കുന്ന കണ്‍മണി കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ സംസ്‌കൃതം അഷ്ടപദി, ഗാനാലാപനം, എന്നിവയില്‍ ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജലഛായം,എണ്ണഛായം എന്നിവയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും നേടി ഈ കൊച്ചു മിടുക്കി. തുടര്‍ച്ചയായി നാലു തവണ ആലപ്പുഴ ജില്ലാ കലോല്‍സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡാടെ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലും വിദേശത്തുമായി മുന്നൂറിലധികം വേദികളില്‍ സംഗീതകച്ചേരി അവതരിപ്പിച്ച് കണ്‍മണി ശ്രദ്ധേയായിക്കഴിഞ്ഞു.
സംഗീതത്തില്‍ മാത്രമല്ല ചിത്രരചനയിലും സ്വന്തമായി മികവു തെളിയിക്കാന്‍ കണ്‍മണിക്ക് കഴിഞ്ഞിട്ടുണ്ട്. ഇരുന്നൂറിലധികം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ അവളുടെ കാല്‍വിരലുകളാല്‍ പിറന്നു. പ്രകൃതി ദൃശ്യങ്ങളും, ഗ്രാമീണ പശ്ചാത്തലവും, മരങ്ങളും, മലകളും, പക്ഷിമൃഗാദികളുമൊക്കെയും ചിത്ര ശേഖരത്തിലുണ്ട്. ചിത്രരചനയിലെ അസാമാന്യ പാടവം തിരിച്ചറിഞ്ഞ സ്‌കൂളിലെ അദ്ധ്യാപകര്‍ തന്നെയാണ് ശാസ്ത്രീയമായി ചിത്രകല അഭ്യസിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയിലെ പ്രൊഫ. ഉണ്ണികൃഷ്ണന്‍ മാഷിന്റെ ശിഷ്യയാണ് കണ്‍മണി.