ഈജിപ്തിന്റെ പൗരാണിക ചരിത്രത്തിൽ അനെക്സെനമുനോളം ചർച്ച ചെയ്യപ്പെട്ട മറ്റൊരു രാജകുമാരിയുണ്ടാകില്ല. നേട്ടങ്ങളുടയല്ല അവർ ജീവിച്ചിരുന്ന 26 വർഷക്കാലം അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ പേരിലാണ് അനെക്സെനമുൻ ചരിത്രത്തിന്റെ താളുകളിൽ നിറയുന്നത്. ഭർത്താവിന്റെ മരണശേഷം മുത്തച്ചന്റേയും അതിന് ശേഷം പിതാവിന്റേയും അദ്ദേഹത്തിന്റെ അനന്തരാവകാശിയുടേയും ഭാര്യയാകേണ്ടി വന്ന പെൺകുട്ടി. ഈജിപ്തിലെ ഏറ്റവും പേരുകേട്ട രാജാക്കന്മാരിലൊരാളായ തുത്തൻഖാമന്റെ ഭാര്യായായിരുന്നു അനെക്സെനമുന്റെ കഥ കരളലിയ്ക്കുന്നതാണ്. ബിസി 1322ലാണ് ഈ രാജകുമാരിയുടെ ജനനമെന്നാണ് കരുതുന്നത്. ആഖെനാത്തൻ രാജാവിന്റെയും നെഫെർതിതി രാജ്ഞിയുടെയും മൂന്നാമത്തെ മകൾ. പതിമൂന്നാം വയസ്സിലായിരുന്നു തുത്തൻഖാമനുമായുള്ള വിവാഹം. അദ്ദേഹത്തിന് അന്ന് പത്തു വയസ്സു മാത്രം പ്രായം. അനെക്സെനമുന്നുമൊത്തുള്ള തുത്തൻഖാമന്റെ ജീവിതം സന്തോഷപ്രദമായിരുന്നു. ചെറുപ്രായമായിരുന്നെങ്കിലും ഭരണമികവിൽ പേരെടുത്തിരുന്നു തുത്തൻഖാമൻ എന്ന ‘യുവരാജാവ്’. ഇവർക്ക് രണ്ട് പെൺമക്കളുണ്ടായി. അതിൽ ഒരാൾ അഞ്ചാം മാസത്തിലും രണ്ടാമത്തെയാൾ ഏഴാം മാസത്തിലും മരിച്ചു. പതിനെട്ടാം വയസ്സിൽ തുത്തൻഖാമൻ മരിച്ചു . ആ മരണത്തിന്റെയും കാരണം ഇന്നും ദുരൂഹമാണ്. അനന്തരവകാശികൾ ഇല്ലാതായതോടെ ഇരുപത്തിയൊന്നാം വയസ്സിൽ വിധവയായ അനെക്സെനമുന്നിനെ തുത്തൻഖാമന്റെ മുത്തച്ഛനും ഉപദേശകനുമായ അയ് രാജാവ് വിവാഹം കഴിയ്ക്കാൻ തീരുമാനിച്ചു. എന്നാൽ രാജകുമാരി ഇതിനെ എതിർത്തു. തുടർന്ന് അവർ അയൽ രാജ്യമായ അനറ്റോളിയയിലെ രാജാവിന് അദ്ദേഹത്തിന്റെ ആൺമക്കളിൽ ഒരാളെ തന്നെ വിവാഹം ചെയ്യാനായി അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയ്ക്കുകയും ചെയ്തു. രാജകുമാരിയുടെ ആവശ്യ പ്രകാരം രാജാവ് മക്കളിലൊരാളെ അയച്ചെങ്കിലും അതിർത്തിയിൽ വച്ച് കൊല്ലപ്പെട്ടു. അനെക്സെനമുന്നിന് ഒടുവിൽ മുത്തച്ഛനായ അയ് രാജാവിന്റെ ഭാര്യാകേണ്ടി വന്നു. താമസിയാതെ അയ് രാജാവും മരിച്ചു. അതിന് ശേഷം ആ രാജകുമാരിക്ക് സ്വന്തം പിതാവിനെയും , അദ്ദേഹത്തിന്റെ അനന്തരാവകാശിയായെത്തിയ രാജാവിനെയും വിവാഹം ചെയ്യേണ്ടി വന്നുവെന്നുംചരിത്ര രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ എങ്ങനെയാണ് അനെക്സെനമുൻ മരിച്ചതെന്നത് ചരിത്രാന്വേഷികളുടെ മുന്നിൽ ഇന്നും വലിയൊരു ചോദ്യചിഹ്നമാണ്. അനെക്സെനമുന്നിനെ പുരോഹിതന്മാർ ഗൂഢാലോചന നടത്തി ചതിയിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ചരിത്രകാര രേഖപ്പെടുത്തുന്നു