പാലാ: ഷോറൂം അടച്ച് പൂട്ടി തങ്ങളുടെ ജോലി നഷ്ടമാക്കിയ കരിക്കിനേത്ത് മുതലാളിക്കെതിരായ തൊഴിലാളി സമരം ശക്തമാകുന്നു. കരിക്കിനേത്ത് സില്‍ക്ക്‌സ് പാലാ ഷോറൂം അടച്ച് പൂട്ടിയതിന് പിന്നാലെ തങ്ങള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങളും ശമ്പള കുടിശ്ശികയും തീര്‍ത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പട്ടിണി സമരം നടത്തിയിരുന്നു. ഷോറൂം അടച്ച് പൂട്ടുകയും തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു എന്നിട്ടും ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക നല്‍കിയിട്ടില്ല. എത്രയും വേഗം കുടിശ്ശിക തീര്‍ത്ത് നല്‍കിയില്ലെങ്കില്‍ കരിക്കിനേത് സില്‍ക്‌സിന്റെ മറ്റ് ഷോറൂമുകള്‍ക്ക് മുന്നിലേക്ക് സമരം വ്യാപിക്കുമെന്ന് ജീവനക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 28നാണ് സ്വകാര്യ ധനകാര്യസ്ഥാപനമായ കൊടക് മഹീന്ദ്ര ഫിനാന്‍സിന് 20 കോടി രൂപ നല്‍കാത്തതിനെതുടര്‍ന്ന് പാലാ പൊലീസ് ഉള്‍പ്പടെ സ്ഥലതെത്തി ഷോറൂം സീല്‍ ചെയ്തത്. പിന്നീട് ധനകാര്യ സ്ഥാപനത്തിന്റെ വക്താക്കളും പാലാ കരികിനേത് സില്‍ക്‌സ് ഉടമ കെ സി വര്‍ഗീസും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും സീല്‍ ചെയ്ത ഷോറൂമിനുള്ളിലെ സാധനങ്ങള്‍ നല്‍കാമെന്ന ധാരണയായതായാണ് അറിയാന്‍ തകഴിഞ്ഞതെന്നും എന്നിട്ടും അത് വിറ്റ് തൊഴിലാളികളുടെ കുടിശ്ശിക നല്‍കാന്‍ കെസി വര്‍ഗ്ഗീസ് തയ്യാറാകാത്തതാണ് തൊഴിലാളികളെ ചൊടിപ്പിച്ചിരിക്കുന്നത്.
2011ല്‍ മോഹന്‍ലാലും കാവ്യമാധവനും ചേര്‍ന്നാണ് കരിക്കിനേത് സല്‍ക്‌സിന്റെ പാലാ ഷോറൂം ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ ഒരു വര്‍ഷം ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായ് നല്‍കിയിരുന്ന മുതലാളി പിന്നീട് തനിനിറം കാണിച്ചുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നാലിലൊന്ന് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മാത്രമാണ് ലഭ്യമാക്കിയിരുന്നത്. ആനുകൂല്യങ്ങള്‍ നല്‍കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഇപിഎഫ്, ഇഎസ്‌ഐ, വെല്‍ഫെയര്‍ ഫണ്ട് എന്നിങ്ങനെ പല പേരും പറഞ്ഞ് തുക ഈടാക്കിയിരുന്നു. പിന്നീട് ശമ്പള കുടിശ്ശിക മുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ തന്നെ നേരിട്ട് പിഎഫ് ബോര്‍ഡില്‍ ഉള്‍പ്പടെ നേരിട്ട് പോയി അനവേഷിച്ചപ്പോള്‍ ലഭിച്ച വിവരം ഇങ്ങനെയുള്ള ഒരു ഫണ്ടും കമ്പനി അടച്ചിരുന്നില്ലെന്നാണ്.
ഇവിടെ അരങ്ങേറിയിരുന്ന തൊഴിലാളി പീഡനങ്ങള്‍ കാരണം നിരവധി ജീവനക്കാരാണ് ഇവിടെ നിന്നും മറ്റ് സ്ഥാപനങ്ങളിലേക്ക് പോയത്. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ 565 ജീവനക്കാരുണ്ടായിരുന്ന ഷോറൂമില്‍ ഡിസംബര്‍ 28ന് സീല്‍ ചെയ്ത് പൂട്ടിയപ്പോള്‍ 100ല്‍ താഴെ മാത്രം ജീവനക്കാരാണ് അവശേഷിച്ചിരുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ഇതില്‍ തന്നെ എഴുപതോളം പേര്‍ ഇനിയും ജോലി ലഭിക്കാതെ പുറത്താണ്. കുട്ടികളുടെ വിദ്യാഭ്യാസവും മാതാപിതാക്കളുടെ ചികിത്സയും തുടങ്ങി പല ആവശ്യങ്ങളും മുടങ്ങിയത് കാരണം ആത്മഹത്യയുടെ വക്കിലാണ് പലരും. കമ്പനിയില്‍ ജോലി ചെയ്യുന്ന സമയത്ത് കമ്പനി മറ്റ് പലരുമായും നടത്തിയ സാമ്പത്തിക ഇടപാടുകള്‍ കൃത്യമല്ലാത്തില്‍ മര്‍ദ്ദനം വരെ ഏല്‍ക്കേണ്ട സ്ഥിതി ഉണ്ടായ വിവരം നേരത്തെ പുറത്ത് വന്നിട്ടുണ്ട്.
മൂവാറ്റുപുഴയിലെ ഒരു വസ്ത്ര നിര്‍മ്മാണ സ്ഥാപനത്തിന് നല്‍കാനുള്ള കുടിശ്ശിക നല്‍കാത്തതിനെതുടര്‍ന്ന് അവിടുത്തെ ജീവനക്കാര്‍ കരിക്കിനേത് ഷോറൂമിലെത്തി വസ്ത്രങ്ങളുമായി കടക്കുകയായിരുന്നു. 150ല്‍പ്പരം ജീവനക്കാര്‍ കൂട്ടത്തോടെയെത്തി കരിക്കിനേതിലെ ജീവനക്കാരെ അക്രമിച്ചാണ് സാധനങ്ങളുമായി കടന്നുകളഞ്ഞത്. സ്ത്രീകളെയുള്‍പ്പടെ ആക്രമിച്ചാണ് അന്ന് സാധനങ്ങളുമായി കടന്നത്. ഷോറൂമില്‍ അവശേഷിച്ചിരുന്ന തുണികള്‍ വിറ്റെങ്കിലും ബാധ്യതകള്‍ തീര്‍ക്കുമെന്ന് പല തവണ പ്രതീക്ഷിച്ചങ്കിലും ഇതിനും ഷോറൂം ഉടമ വഴങ്ങിയില്ല.
തൊഴിലാളികള്‍ക്കൊപ്പം തന്നെ സ്ഥാപനത്തില്‍ സാധനം വാങ്ങാനെത്തിയവരേയും വിവിധ സമ്മാന പദ്ധതികളുടേയും നറുക്കെടുപ്പിന്റേയും പേരില്‍ പറ്റിച്ചതായും ജീവനക്കാര്‍ പറയുന്നു. ഉപഭോക്താക്കള്‍ക്ക് സമ്മാനമായി സ്വര്‍ണ്ണനാണയങ്ങളും ഐ10 കാറും ബമ്പര്‍ സമ്മാനമായി ബിഎംഡബ്ല്യു കാറുമെല്ലാം നല്‍കുമെന്ന് കാണിച്ച് ഗായിക റിമി ടോമി ഉള്‍പ്പടെയുള്ളവരെകൊണ്ട് പരസ്യം നല്‍കുകയും പിന്നീട് യാതൊരു നറുക്കെടുപ്പും നടത്താതിരിക്കുകയും ചെയ്തതായും തൊഴിലാളികള്‍ പറയുന്നു. ബിസിനസ് വര്‍ധിപ്പിക്കാനായി ഇത്തരം പരസ്യങ്ങള്‍ നല്‍കി വന്‍ ലാഭണാണ് കൊയ്തതെന്നും ജീവനക്കാര്‍ പറയുന്നു.
ടെക്സ്റ്റയില്‍സ് സ്ഥാപനത്തില്‍ മുഴുവന്‍ സമയവും നിന്നാണ് ജീവനക്കാര്‍ ജോലി ചെയ്തിരുന്നത്. ഇത് കാരണം ഭൂരിഭാഗം ജീവനക്കാര്‍ക്കും വെരിക്കോസ് വെയ്ന്‍ പിടിപെട്ടിടുണ്ട്. ഇവര്‍ക്ക് ചികിത്സാ ആനുകൂല്യമായി നല്‍കിയിരുന്ന ഇഎസ്‌ഐ ഫണ്ടിലേക്ക് ശമ്പളത്തില്‍ നിന്ന് പണം പിടിച്ചിട്ടും തുക അടച്ചില്ല. കോടതി വിധിയെതുടര്‍ന്ന് ഷോറൂം അടച്ച് പൂട്ടിയിട്ടും തങ്ങളുടെ ശമ്പളത്തില്‍ നിന്നും പിടിച്ച പണം പോലും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് സിഐടിയു നേതൃത്വം മാത്രമാണ് ജീവനക്കാരുടെ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ രംഗതെത്തിയത്. തങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കിയിരിക്കുകയാണ് ജീവനക്കാര്‍.