കൊച്ചി: സ്വാകര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സി ഐ ടിയുവിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ മുത്തൂറ്റ് ശാഖകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിച്ചു. സംസ്ഥാനത്തെ 782 ബ്രാഞ്ചുകളിലെ 2500ഓളം ജീവനക്കാരാണ് പണിമുടക്കുന്നത്. 12 റീജണല്‍ ഓഫീസുകളെയും എറണാകുളത്തെ ഹെഡ് ഓഫീസിനെയും പണിമുടക്ക് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാര്‍ യൂണിയന്‍ പ്രവര്‍ത്തനം ശക്തമാക്കിയതോടെ അതിനെ ചെറുക്കാന്‍ മാനേജ്‌മെന്റ് ആരംഭിച്ച സ്ഥലംമാറ്റ നടപടികളാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിലേയ്ക്ക് എത്തിച്ചത്. മാന്യമായ ശമ്പളമോ തൊഴില്‍ ആനുകൂല്യങ്ങളോ നല്‍കാതെ മൂത്തൂറ്റ് തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്നാണ് തൊഴിലാളികളുടെ പരാതി.
ഇതോടെയാണ് മാനേജ്മെന്റിന്റെ കടുത്ത നടപടികള്‍ക്കെതിരെ കേരള ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ ആദ്യഘട്ടമായി സൂചനാപണിമുടക്കും ഇപ്പോള്‍ അനിശ്ചിത കാല സമരവും ആരംഭിച്ചിട്ടുള്ളത്. മാനേജ്മെന്റ് തൊഴിലാളിസംഘടനയെ അംഗീകരിക്കുക. മിനിമം വേതനം 18,000 രൂപയാക്കുക, 125 തൊഴിലാളികളുടെ കൂട്ടസ്ഥലംമാറ്റം പിന്‍വലിക്കുക, സസ്പെന്‍ഡ്ചെയ്ത 51 പേരെ ഉടന്‍ തിരിച്ചെടുക്കുക, പിരിച്ചുവിടല്‍ അവസാനിപ്പിക്കുക, തടഞ്ഞുവച്ച ഒക്ടോബറിലെ ശമ്പളം ഉടന്‍ വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള നോണ്‍ബാങ്കിങ് ഫിനാന്‍സ് കമ്പനിയെന്ന് അവകാശപ്പെടുന്ന സ്ഥാപനമാണ് മുത്തൂറ്റ്. ഇവിടെ നിയമപരമായ തൊഴില്‍വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പ്രധാന പരാതി. ജീവനക്കാരുടെ പരാതികള്‍ കേള്‍ക്കാനോ പരിഹരിക്കാനോ മാനേജ്മെന്‍് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജോലിസമയം, അവധികള്‍, സ്ഥലംമാറ്റം, പ്രൊമോഷന്‍ തുടങ്ങിയവ സംബന്ധിച്ച സ്റ്റാന്‍ഡിങ് ഓര്‍ഡറുകളില്ലെന്നും.
പാര്‍ട്ട്ടൈം സ്വീപ്പര്‍ക്ക് പ്രതിമാസം 1000 രൂപപോലുമില്ലെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. 33 വര്‍ഷം സര്‍വീസുള്ള സബ്സ്റ്റാഫിന് 11,925 രൂപ (ദിവസം 400 രൂപയോളം), 24 വര്‍ഷം സര്‍വീസുള്ള ക്ളര്‍ക്കിന് 14,450 രൂപ (ദിവസം 500), സീനിയര്‍ക്ക് ജൂനിയറെക്കാള്‍ കുറഞ്ഞ ശമ്പളം മാത്രം. ഇങ്ങനെ ന്യായമായ ശമ്പളം നല്‍കുന്നതില്‍പോലും പരാതികള്‍ ഏറെയാണ്.
പ്രശ്നം പരിഹരിക്കാന്‍ മൂന്നുവട്ടം തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഒടുവില്‍ കഴിഞ്ഞ 20ന് നടന്ന ചര്‍ച്ചയില്‍നിന്ന് മാനേജിങ് ഡയറക്ടര്‍ വിട്ടുനിന്നു. പങ്കെടുത്ത ഉദ്യോഗസ്ഥര്‍, കൂട്ടസ്ഥലംമാറ്റം അംഗീകരിച്ചുകൊണ്ടല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് അറിയിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയാണുണ്ടായത്.