ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിച്വാനില്‍ ഇന്നലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പത്തോളം പേരുടെ മരണം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂവെങ്കിലും പരിക്കേറ്റ നൂറുക്കണക്കിനാളുകളുടെ സ്ഥിതി ഗുരുതരമാണെന്ന് ദുരന്തനിവാരണത്തിനായുള്ള ചൈനയുടെ ദേശീയ കമ്മീഷന്‍ സമ്മതിച്ചു. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ പര്‍വ്വത പ്രദേശമാണ് ഭൂകമ്പമുണ്ടായ സിച്വാന്‍ പ്രവിശ്യ.
ഇവിടെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന 1.3 ലക്ഷം വീടുകള്‍ ദുരന്തത്തില്‍ തകര്‍ന്നതായി നാഷനല്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രാക്തന ഗോത്രവിഭാഗക്കാരായ തിബത്തന്‍ വംശജര്‍ താമസിക്കുന്ന സ്ഥലമാണ് ഭൂകമ്പം നാശം വിതച്ച പ്രദേശം. ഇവരില്‍ ഭൂരിപക്ഷം ആളുകളും ആട്ടിടയന്‍മാരും സഞ്ചാരികളുമാണ്.
പരിക്കേറ്റവരെ രക്ഷുപ്പെടുത്താനും പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനുമായി 600ലെറെ അഗ്നിശമന സൈനികര്‍ പ്രദേശത്ത് കര്‍മനിരതരായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. പ്രവിശ്യന്‍ തലസ്ഥാനമായ സിയാനിലും ഭൂകമ്പത്തിന്റെ അലയൊലികളുണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരാണ്. എല്ലാം ഉപേക്ഷിച്ച് തെരുവുകളില്‍ അഭയം തേടിയിരിക്കുകയാണ് ആയിരക്കണക്കിനാളുകള്‍. സിചുവാനില്‍ 2008ലുണ്ടായ ഭൂകമ്പത്തില്‍ 70,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.