ഗുഡ്ഗാവിലെ സ്‌കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടാം ക്ലാസുകാരന്‍ ക്രൂരമായ ലൈംഗീക ആക്രമണത്തിനിരയായെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ തന്നെ ബസ് കണ്ടക്ടറായ അശോക് കുമാറിനെ അറസ്റ്റ് ചെയ്തു. ലൈംഗികമായി അക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍ ബഹളംവച്ചതിനെ തുടര്‍ന്ന് അശോക് കുട്ടിയെ കഴുത്തുമുറിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗുഡ്ഗാവിലെ ഭോന്ദ്‌സി റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഏഴു വയസുകാരനായ പ്രഥ്യൂമനാണ് കൊല്ലപ്പട്ടത്. കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി സ്‌കൂളിലെത്തി അരമണിക്കൂറിനുളളിലായിരുന്നു കൊലപാതകം. ശുചിമുറിയിലെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയാണ് പ്രഥ്യുമന്റെ മൃതദേഹം ആദ്യം കാണുന്നത്. ഗുഡ്ഗാവിലെ സോഹ്ന റോഡിലാണ് റയാന്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. റയാന്‍ സ്‌കൂളില്‍ ഇതാദ്യമായല്ല വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആറുവയസുകാരനായ ദേവനാഷ് വസന്ത് എന്ന കുട്ടിയെ ഇതേ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ഇന്ദിരപുരത്തെ ജി.ഡി ഗൊയെങ്ക പബ്ലിക് സ്‌കൂളില്‍ നാലാം ക്ലാസുകാരന്‍ അര്‍മാന്‍ സെഹവാളിനെ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.