
ചെന്നൈ: ബസില്‍ വടിവാളുമായി യാത്ര ചെയ്ത നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. വാഷര്‍മാന്‍പേട്ട് പൊലീസാണ് പ്രസിഡന്‍സി കോളെജിലെ നാലു വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി വിദ്യാര്‍ഥികളെ പരസ്യമായി തല്ലി. റെഡ് ഹില്‍സില്‍ നിന്ന് പുറപ്പെട്ട 57 എഫ് ബസിലാണ് ഒരുപറ്റം വിദ്യാര്‍ഥികള്‍ വടിവാളുമായി യാത്ര ചെയ്തത്. വടിവാള്‍ തറയില്‍ ഉരസി തീപ്പൊരി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നതോടെയാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ ഒരാള്‍ മുന്‍പ് തന്നെ അറസ്റ്റിലായിരുന്നു.
ശിവ എന്ന വിദ്യാര്‍ഥിയെ മാത്രം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു ജയിലില്‍ അടച്ചു. മറ്റുള്ളവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. തങ്ങളുടെ കുട്ടികള്‍ ചെയ്ത തെറ്റിന് മാപ്പ് പറയുന്നതായും ബന്ധുക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തു വേണം വാര്‍ത്തയില്‍ ഇടം നേടാനെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ.കെ.വിശ്വനാഥന്‍ പറഞ്ഞു. ഭീകരയാത്ര നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രസിഡന്‍സി കോളെജില്‍ വിശ്വനാഥന്‍ സന്ദര്‍ശനം നടത്തി.
വിവിധ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയ അദ്ദേഹം കുട്ടികളെ ഉപദേശിക്കുകയും ചെയ്തു.”കുറച്ചു പേര്‍ ചെയ്ത തെറ്റിന്റെ പേരിലാണ് ഇപ്പോള്‍ പ്രസിഡന്‍സി കോളെജ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വിദ്യാര്‍ഥികള്‍ ഒട്ടേറെ നന്മകള്‍ ചെയ്താല്‍ മാത്രമേ മറ്റുള്ളവര്‍ അതിനെ കുറിച്ച് പറയൂ. പഠന കാലഘട്ടത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. രാഷ്ട്രീയ പാര്‍ട്ടികളുടെ കൈയിലെ ആയുധങ്ങളായി വിദ്യാര്‍ഥികള്‍ മാറരുത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാനും വിദ്യാര്‍ഥി സമൂഹത്തിലേക്ക് ലഹരി വസ്തുക്കള്‍ കടന്നുവരാതിരിക്കാനും ജാഗ്രത കാണിക്കണം.” ഇതിനു മുന്‍പും വടിവാളും കത്തിയും സൈക്കിള്‍ ചെയിനുമുള്‍പ്പെടെയുള്ള മാരക ആയുധങ്ങളുമായി വിദ്യാര്‍ഥികള്‍ ആളുകളെ ഭയപ്പെടുത്തുന്ന ഭീകര യാത്രകള്‍ നഗരത്തില്‍ നടത്തിയിട്ടുണ്ട്.