തൃശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ വിദ്യാര്‍ഥി സമരം അവസാനിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചു. ഇതേത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്. കോളജ് വെളളിയാഴ്ച തുറക്കുമെന്ന് ജില്ലാ കലക്ടര്‍ എ.കൗശിഗന്‍ അറിയിച്ചു. വിദ്യാര്‍ഥി യൂണിയനും പിടിഎ കമ്മിറ്റിയും പരാതി പരിഹാര സെല്ലും രൂപീകരിക്കാന്‍ തീരുമാനമായി.
കോളജിലെ വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ സ്ഥാനത്തു നിന്ന് നീക്കാനും ചുമതലകളില്‍ നിന്ന് ഒഴിവാക്കാനും മാനേജ്മെന്റ് സമ്മതിച്ചു. പകരം ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.കൃഷ്ണകുമാര്‍ ചുമതലയേല്‍ക്കും. വൈസ് പ്രിന്‍സിപ്പല്‍ അടക്കമുളള പ്രതികളായ മറ്റ് നാലു പേരെയും കോളജില്‍ കയറ്റേണ്ടതില്ലെന്നും അവരെ കോളജിലെ ഒരു കാര്യത്തിലും ഉള്‍ക്കൊളളിക്കേണ്ടെന്നും ധാരണയായി. ചെയര്‍മാനെ മാറ്റുന്നതുള്‍പ്പെടെ വിദ്യാര്‍ഥികളുടെ 16 ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിച്ച യോഗത്തില്‍ മാനേജ്‌മെന്റ് അംഗങ്ങള്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു.
ഇന്റേണല്‍ മാര്‍ക്ക് അടക്കമുളളവ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാനും പരാതിയുളളവര്‍ക്ക് പരാതി പരിഹാര സെല്ലിലോ വിദ്യാഭ്യാസ മന്ത്രിക്കോ നേരിട്ട് പരാതി നല്‍കാനുളള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എംഎല്‍എയും തൃശൂര്‍ റൂറല്‍ എസ്പിയും ഉള്‍പ്പെടുന്ന ഒരു കോളജ് പീസ് കമ്മിറ്റിയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനായി രൂപീകരിച്ചിട്ടുണ്ട്.
അതിനിടെ നെഹ്റു കോളജിനെതിരെ വനംവകുപ്പ് കോടതിയെ സമീപിക്കും. കോളജ് അനധികൃതമായി കൈവശം വച്ച ഒന്നരയേക്കറോളം ഭൂമി തിരിച്ചുപിടിക്കാനാണ് ഇത്. കോളജിന്റെ ടെന്നീസ് കോര്‍ട്ട് ഉടനെ പൊളിച്ച് നീക്കണമെന്നാണ് വനംവകുപ്പിന്റെ ആവശ്യം. തൃശൂര്‍ ഡിഎഫ്ഒ സ്ഥലം സന്ദര്‍ശിച്ചു.