
കൊല്ലം: വീണ്ടുമൊരു വിദ്യാര്‍ത്ഥിസമരത്തിന്റെ വിജയ വാര്‍ത്ത പുറത്ത് വരികയാണ്. വിദ്യാര്‍ത്ഥിനികള്‍ക്ക് അടിസ്ഥാന സൗകര്യമില്ലാത്തതിനെതിരെയായിരുന്നു സമരം. വെള്ളാപ്പള്ളി നടേശന് ഷഷ്ടിപൂര്‍ത്തി കോളേജിലെ സമരമാണ് ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ചതിനാല്‍ വിജയം കണ്ടിരിക്കുന്നത്. എന്നാല്‍ സമരത്തിനിടയില്‍ കുട്ടികളെ മോശക്കാരാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പാളിനെതിരെ വിമര്‍ശനം ഉയരുകയാണ്. സമരത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥിനികളോടും അശ്ലീലമായ വിശേഷണങ്ങളോടെ പ്രിന്‍സിപ്പല്‍ പ്രൊഫ ആര് രേഖ സംസാരിച്ചിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.
250ഓളം കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ ഒരൊറ്റ ശുചിമുറി മാത്രമാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് തുറന്നുകൊടുത്തിരുന്നതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. അവധി ദിവസങ്ങളിലും നിര്‍ബന്ധിച്ച് ഡ്യൂട്ടിക്ക് കൊണ്ടുപോകും. ഹര്‍ത്താല്‍ ദിവസങ്ങളില്‍ ആംബുലന്‍സില്‍ പോലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. ഇതുള്‍പ്പെടെയുള്ള 13 ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരമാരംഭിച്ചത്.
എന്നാല്‍ സമരം മൊബൈലുപയോഗിക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രമാണെന്നായിരുന്നു മാനേജ്മെന്റ് വിശദീകരിച്ചത്. ഇക്കാര്യമന്വേഷിക്കാന്‍ വിളിച്ച മാധ്യമപ്രവര്‍ത്തകരോട് സമരം മൊബൈലിന് വേണ്ടി മാത്രമാണെന്നും, ഇത് പെണ്‍കുട്ടികള്‍ക്ക് ഒളിച്ചോടാന്‍ വേണ്ടിയാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സമരക്കാരായ വിദ്യാര്‍ത്ഥിനികളെ സ്വവര്‍ഗരതിക്കാരാണെന്ന് വിളിച്ച് പ്രിന്‍സിപ്പല്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചു. രണ്ടുപേര്‍ ഒന്നിച്ച് നടന്നാല്‍ മുന്‍പും പ്രിന്‍സിപ്പല്‍ ഇത്തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.
ഇതേത്തുടര്‍ന്ന് അടുത്ത ദിവസം പ്രിന്‍സിപ്പല്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണമുന്നയിച്ചായി വിദ്യാര്‍ത്ഥിനികളുടെ സമരം. പിന്നീട് സ്വവര്‍ഗരതിക്കാരാണെന്ന പരാമര്‍ശത്തില്‍ പ്രിന്‍സിപ്പല്‍ മാപ്പുപറഞ്ഞു. ‘പെണ്‍കുട്ടികള്‍ പരസ്പരം ബ്രസ്റ്റില് പിടിക്കുന്നുവെന്ന’ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യമാണ് താന്‍ പറഞ്ഞതെന്നുമായി പിന്നീട് പ്രിന്‍സിപ്പല്‍. ഇതിനെതിരെയും ശക്തമായ പ്രതിഷേധമാണ് ക്യാമ്പസില്‍ ഉയര്‍ന്നത്. എസ്എഫ്ഐക്കാര്‍ക്കൊപ്പം ഒളിച്ചോടാനാണ് സമരത്തിനായി പുറത്തുനിന്നുള്ളവരെ വിളിച്ചുവരുത്തിയതെന്ന് അധ്യാപകര്‍ പറഞ്ഞുവെന്നും എസ്എഫ്ഐ ആരോപിക്കുന്നു. വിഷയത്തിലിടപെട്ട എസ്എഫ്ഐക്കാരെ പൊളിറ്റിക്കല്‍ ഇഡിയറ്റ്സ് എന്നാണത്രേ അധ്യാപകരില്‍ ചിലര്‍ വിളിച്ചത്. ഇവരോടൊപ്പം സമരം ചെയ്യാന്‍ നാണമില്ലേ എന്നും അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളോട് ചോദിച്ചു. ഇക്കാര്യത്തില്‍ മറുപടിയുമായി എസ്എഫ്ഐ ജില്ലാക്കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. സ്വവര്‍ഗ്ഗരതി എന്നത് സ്വാഭാവിക ജീവിതം തന്നെയാണെന്നും പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സമരത്തില്‍ വിദ്യാര്‍ത്ഥികളുയര്‍ത്തിയ ആവശ്യങ്ങളില്‍ എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ എന്‍ ജയകുമാറിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമുണ്ടായി. അടച്ചിട്ട ശുചിമുറികള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് തുറന്നുകൊടുക്കാനും, എല്ലാമണിക്കൂറിലും അഞ്ച് മിനുട്ട് വീതം ഇടവേള അനുവദിക്കാനും മാനേജ്മെന്റ് സമ്മതിച്ചിരുന്നു. അതിനാല്‍ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു. എങ്കിലും പ്രിന്‍സിപ്പലിന്റെ പ്രസ്താവനകളെച്ചൊല്ലിയുള്ള തര്‍ക്കം തുടരുകയാണ്. വിവാദം കനത്തപ്പോള്‍ താന്‍ പഴയ എസ്എഫ്ഐക്കാരിയാണെന്നും പ്രിന്‍സിപ്പല്‍ സമരക്കാരോട് പറഞ്ഞിരുന്നു. എങ്കിലും ശക്തമായ പ്രതിഷേധമൊരുക്കാന്‍ തന്നെയായിരുന്നു എസ്എഫ്ഐ തീരുമാനം. ഒടുവിലായിരുന്നു പ്രിന്‍സിപ്പല്‍ മാപ്പ് പറഞ്ഞ് തടിതപ്പിയത്.
ആണ്‍കുട്ടികളുടെ ചൂടുപറ്റാന്‍ വരുന്നവരെന്ന് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പല്‍ വിശേഷിപ്പിച്ചതും കഴിഞ്ഞദിവസങ്ങളില്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനികളെ സ്വവര്‍ഗരതിക്കാരായി ചിത്രീകരിച്ച വെള്ളാപ്പള്ളി നേഴ്സിംഗ് കോളേജിലെ പ്രിന്‍സിപ്പലിന്റെ നടപടിയും ചര്‍ച്ചയാകുന്നത്.