ന്യൂഡല്‍ഹി: ആധാര്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടെ എല്ലാത്തിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയാണ് സുബ്രഹ്മണ്യന്‍ സ്വാമി നിലപാട് വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് സ്വാമി നിലപാട് വ്യക്തമാക്കിയത്.
‘ആധാര്‍ രാജ്യ സുരക്ഷയ്ക്കു തന്നെ ഭീഷണിയാണ്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടന്‍ കത്തു നല്‍കും. ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം സുപ്രീം കോടതി തടയുമെന്നാണ് തന്റെ പ്രതീക്ഷ’- സ്വാമി അഭിപ്രായപ്പെട്ടു. ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനു തൊട്ടടുത്ത ദിവസമാണ് സ്വാമിയുടെ പ്രതികരണം.
നേരത്തേയും സ്വാമി ആധാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ കമ്പനിയുടെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ആധാര്‍ വിവരശേഖരണം സുരക്ഷിതമല്ലെന്നും സ്വാമി ആരോപിച്ചിരുന്നു. ബാങ്ക്, മൊബൈല്‍ നമ്പര്‍ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2018 മാര്‍ച്ച് 31ലേക്കു കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു.