മധുര: സഹോദരിയുടെ വിവാഹത്തിന് മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചതിൻറെ പേരിൽ ബന്ധുക്കൾ കുറ്റപ്പെടുത്തിയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ശിവഗംഗ സ്വദേശിയായ പ്രസാദ്(23)ആണ് മരിച്ചത്. പ്രസാദിൻറെ മരണവിവരം അറിഞ്ഞ ഭാര്യ മുത്തുമാരി(21)യും ജീവനൊടുക്കി.
മധുര അവണിപുരത്താണ് സംഭവം. ദമ്പതികൾക്ക് അഞ്ച് മാസം പ്രായമുള്ള കുഞ്ഞുണ്ട്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഒന്നര വർഷം മുൻപാണ് പ്രസാദും മുത്തുമാരിയും വിവാഹിതരായത്. അവണിപുരത്തെ വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
കഴിഞ്ഞയിടെ ശിവഗംഗയിലെ സ്വന്തം വീട്ടിലേക്കുപോയ പ്രസാദ് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകൾ കാരണം മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിനു പിന്നാലെ മുത്തുമാരിയെയും കുഞ്ഞിനെയും മുത്തുമാരിയുടെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി.
പ്രസാദിൻറെ മരണത്തോടെ മുത്തുമാരി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. പ്രസാദിൻറെ ഷർട്ട് ധരിച്ച് പോക്കറ്റിൽ ഫോട്ടോയും വച്ചാണ് മുത്തുമാരി തൂങ്ങിമരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അവണിയാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.