ജനീവ: സൈനീകര്‍ക്ക് ശമ്പളത്തിന് പകരം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ അനുമതി നല്‍കിയാതായി യുഎന്‍ റിപ്പോര്‍ട്ട്. പട്ടിണിയും കലാപവും തുടര്‍ക്കഥയായ സുഡാനില്‍ നിന്നാണ് ലോക മനസാക്ഷിയെ ഞെട്ടിച്ച വിവരം യുഎന്‍ പുറത്ത് വിടുന്നത്.
സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ സുഡാന്‍ സര്‍ക്കാര്‍ സൈനികള്‍ക്ക് അനുവാദം നല്‍കിയെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ശമ്പളത്തിന് പകരമായാണ് ബലാത്സംഗ അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം 1300 ബലാത്സംഗങ്ങള്‍ രാജ്യത്ത് നടന്നതായും ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എന്‍.മനുഷ്യാവകാശ സമിതിയുടെ ഹൈക്കമ്മീഷണര്‍ സെയ്ദ് റാഅദ് അല്‍ ഹുസൈന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.
സര്‍ക്കാരും വിമതരും തമ്മില്‍ രണ്ടുവര്‍ഷമായി യുദ്ധം നടക്കുന്ന രാജ്യത്ത് എന്തും നടക്കുമെന്ന സ്ഥിതിയണെന്നും വേതനത്തിന് പകരം സ്ത്രീകളെ തട്ടിക്കൊണ്ടുപോകാനും ബലാത്സംഗം ചെയ്യാനും സര്‍ക്കാര്‍ അനുവാദം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമതരെ സഹായിക്കുന്നുവെന്ന് സംശയമുള്ള കുട്ടികളെയും വികലാംഗരെയും സൈന്യം ജീവനോടെ കത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം വിമതരെ സഹായിച്ചുവെന്നാരോപിച്ച് 60 ലേറെ പേരെ സൈന്യം ഷിപ്പിംഗ് കണ്ടെയ്‌നറില്‍ അടച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി ആനെസ്റ്റി ഇന്റര്‍നാഷണലും റിപ്പോര്‍ട്ട് ചെയ്തു.
പല പെണ്‍കുട്ടികളെയും മാതാപിതാക്കളുടെ മുമ്പില്‍വെച്ച് ബലാത്സംഗം ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവിനെ കൊന്നശേഷം തന്റെ പതിനഞ്ചുവയസ്സുകാരിയായ മകളെ സൈനികര്‍ പീഡിപ്പിച്ചുവെന്ന ഒരു മാതാവിന്റെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. സൈനിക താവളങ്ങളില്‍ നിരവധി സ്ത്രീകള്‍ പട്ടാളക്കാരുടെ ലൈംഗിക അടിമകളായി കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുഡാനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉപരോധം ഏര്‍പ്പെടുത്തണമെന്നും കുറ്റക്കാരെ വിചാരണ ചെയ്യണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സുഡാന്‍ സര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുകയും ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്ത് ഭരണമാറ്റത്തിനു ശ്രമിക്കുന്നവര്‍ കെട്ടിച്ചമച്ച കഥയാണിതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.