കൊച്ചി: മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വച്ച് ജനരക്ഷായാത്ര നടത്തുന്ന കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു വീണ്ടും പടയൊരുക്കം. ഒരു ഇടവേളയ്ക്കു ശേഷം സുധീരനെ ലക്ഷ്യമിട്ട് ഇത്തവണ കോണ്‍ഗ്രസില്‍ രംഗത്തെത്തിതിയിരിക്കുന്നത് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് തന്നെയാണ്. എന്നാല്‍, ഇതിനു പിന്നില്‍ എ-ഐ ഗ്രൂപ്പിന്റെ രഹസ്യ സമ്മതവും ഉണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഗ്രൂപ്പ് യുദ്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുല്ലപ്പള്ളി രാമചന്ദ്രന് ജനരക്ഷായാത്രയില്‍ നിന്ന് വിട്ടുനിന്നതെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. യാത്രാ നായകനും കെപിസിസി പ്രസിഡന്റുമായ വി.എം. സുധീരനുമായുള്ള കടുത്ത അഭിപ്രായ ഭിന്നതമൂലമാണ് ഈ നീക്കം. വടകരയിലെ സ്വീകരണപരിപാടിയില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രന് എംപി വിട്ടുനിന്നതോടെയാണ് ഇത് വിവാദമായത്. സ്വന്തം മണ്ഡലമായ വടകരയില്‍ മുല്ലപ്പള്ളിയുടെ അസാന്നിധ്യം കടുത്ത ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
ശനിയാഴ്ച വൈകുന്നേരമായിരുന്നു വടകരയില്‍ യാത്രയുടെ പര്യടനസമാപനം. വടകര മണ്ഡലത്തില്‍ ഉണ്ടായിരുന്നിട്ടും സ്വീകരണ സ്ഥലങ്ങളിലൊന്നും മുല്ലപ്പള്ളിയുടെ സാന്നിദ്ധ്യമുണ്ടായില്ല. ജില്ലയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെ മുന്‍നിര്‍ത്തി വി.എം. സുധീരന് നടത്തുന്ന ഗ്രൂപ്പ് പ്രവര്‍ത്തനത്തിനെതിരെയുള്ള കടുത്ത എതിര്‍പ്പാണ് മുല്ലപ്പള്ളി പങ്കുവെക്കുന്നത്. എന്നാല്‍ പരസ്യ പ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല.
വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് മുല്ലപ്പള്ളി പങ്കെടുക്കാതിരുന്നതെന്ന വിശദീകരണമാണ് സുധീരന് നല്‍കുന്നത്. ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും സുധീരന് പറഞ്ഞു. കാസര്‍കോട്ടു നിന്ന് നാലിനു യാത്ര ആരംഭിച്ചതിന് ശേഷം ഒരു സ്വീകരണ ചടങ്ങിലും പങ്കെടുക്കാതെ വിട്ടുനിന്നതില്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് വിശദീകരണം തേടാനുള്ള നീക്കം ഉണ്ട്.