തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ ജയസാധ്യതയും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയുമായിരിക്കും പരിഗണിക്കുന്നതെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍.ഗ്രൂപ്പ് പരിഗണനകളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കില്ല.കെ പി സി സി നിര്‍വാഹക സമിതിയിലാണ് തീരുമാനം. ഒരു കാരണവശാലും ഗ്രൂപ്പ് പ്രവര്‍ത്തനം അനുവദിക്കില്ല. ഉത്തരവാദപ്പെട്ട നേതാക്കളുടെ ഭാഗത്ത് നിന്നും ഗ്രൂപ്പ് പ്രവര്‍ത്തനം ഉണ്ടായാല്‍ അത് എ ഐ സി സിയുടെ ശ്രദ്ധയില്‍ പെടുത്തും.
രണ്ട് ദിവസങ്ങളിലായി നടന്ന കെ.പി. സി.സി. ഭാരവാഹികളുടെയും എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും യോഗത്തിലാണ് അദ്ദേഹം ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.
ഗ്രൂപ്പ് യോഗങ്ങള്‍ ചേരരുത്. അത്തരം യോഗങ്ങളില്‍ ഭാരവാഹികള്‍ പങ്കെടുക്കരുത്. പങ്കെടുത്താല്‍ എത്ര ഉന്നതരാണെങ്കിലും ഹൈക്കമാന്‍ഡിന് അക്കാര്യം റിപ്പോര്‍ട്ട് ചെയ്യും. നടപടിയും ഉണ്ടാകും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന പാര്‍ട്ടി പുനഃസംഘടന നിര്‍ത്തിെവയ്ക്കണമെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പുനരാരംഭിക്കാമെന്നും കോട്ടയം, വയനാട്, കാസര്‍കോട് ഒഴികെയുള്ള ഡി.സി.സി. പ്രസിഡന്റുമാര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ഇത്ര ദിവസത്തിനുള്ളില്‍ പുനഃസംഘടന പൂര്‍ത്തിയാക്കണമെന്ന് താന്‍ പറയുന്നില്ല. ഒടുവില്‍ കെ.പി. സി.സി. പ്രസിഡന്റിന്റെ അന്ത്യശാസനം തള്ളിയെന്ന് വാര്‍ത്ത വരേണ്ട. സുധീരന്‍ പറഞ്ഞു. കാര്യങ്ങള്‍ താന്‍ സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി. വയനാട്ടിലും കാസര്‍കോട്ടും ഗ്രൂപ്പുകള്‍ സമര്‍പ്പിച്ച പട്ടികയില്‍ താന്‍ ഏതാനും പേരെ വച്ചത് അവിടത്തെ ചില സമവാക്യങ്ങള്‍ പാലിക്കാനായിരുന്നു. അതില്‍ ആ ജില്ലകളിലുള്ള നേതാക്കള്‍ക്ക് പരാതിയില്ല. എം.ഐ. ഷാനവാസ് എം.പി.ക്കും പരാതിയില്ല.
അരുവിക്കരയില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ഞാനാണ്. ചില ഗ്രൂപ്പ് മാനേജര്‍മാര്‍ സ്ഥാനാര്‍ഥിയുടെ പേരറിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചു. ചെറുപ്പക്കാരനായ സ്ഥാനാര്‍ഥിയെ ജനം അംഗീകരിച്ചു.
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയും ചര്‍ച്ചയായി. ടോമിന്‍ തച്ചങ്കരിയുടെ പൂര്‍വകാലം ഇപ്പോള്‍ പരിശോധിക്കേണ്ട. അദ്ദേഹത്തെ താന്‍ മുമ്പ് നന്നായി എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡില്‍ ഇപ്പോള്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെ താന്‍ നൂറ് ശതമാനം പിന്തുണക്കുന്നു.
സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നത് വളരെ ആലോചിച്ചശേഷമേ ആകാവൂയെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. തൃശ്ശൂരിലെ പ്രശ്‌നങ്ങളില്‍ വാദപ്രതിവാദമുണ്ടായി. മന്ത്രി സി. എന്‍. ബാലകൃഷ്ണനെ ഹനീഫാ വധക്കേസിലെ പ്രതിയാക്കാന്‍ നീക്കം നടന്നിട്ട് ഡി.സി.സി. അതിനെ പ്രതിരോധിച്ചില്ലെന്ന് കെ.കെ. കൊച്ചുമുഹമ്മദ് ആരോപിച്ചു.അധികാരം പ്രധാനമാണ്. അത് നഷ്‌ടപ്പെടുമ്പോഴേ വേദനയറിയൂവെന്നും സുധീരന്‍ പറഞ്ഞു.ജില്ലാ തല പാര്‍ട്ടി പുനസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‌കി. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സംസാരിക്കുന്ന വക്താക്കളെ വിശദീകരണം ചോദിക്കാതെ പുറത്താക്കും.
നവംബര്‍ 17ന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.