തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അഡ്വ. ജോയി തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.
അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളാണ് ജോയ് തോമസെന്നും കാര്യപ്രാപ്തിയുള്ള മറ്റൊരാളെ ചെയര്‍മാനാക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി കത്ത് സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന് കൈമാറി.
കഴിഞ്ഞദിവസമാണ് കണ്‍സ്യൂമര്‍ഫെഡ് എം.ഡി. സ്ഥാനത്തുനിന്ന് ടോമിന്‍ ജെ.തച്ചങ്കരിയെ മാറ്റിയത്. തച്ചങ്കരിക്ക് പകരം എസ്.രത്‌നകുമാര്‍ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയായി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായാണ് തച്ചങ്കരിക്ക് പുതിയ നിയമനം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.ശ്രീലേഖ മൂന്ന് മാസത്തെ അവധിയില്‍ പ്രവേശിക്കുന്ന ഒഴിവിലാണ് തച്ചങ്കരിക്ക് നിയമനം.
നിലവില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എം.ഡിയാണ് എസ്.രത്‌നകുമാര്‍. പുതിയ റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എം.ഡിയായി ഐ.ജി ഗോപിനാഥിനേയും നിയമിച്ചു.